64 മത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് നാളെ തുടക്കം. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം എന്നിവിടങ്ങളാണ് മത്സരങ്ങൾ നടക്കുക. ഇന്ത്യയില്‍ തന്നെ ആദ്യമായി സംസ്ഥാന സ്‌കൂള്‍ കായികോത്സവം പകലും രാത്രിയുമായി നടത്തുകയെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
86 വ്യക്തിഗത ഇനങ്ങളും, രണ്ട് ക്രോസ് കണ്‍ട്രി മത്സരങ്ങളും പത്ത് ടീം ഇനങ്ങളും ഉള്‍പ്പെടെ ആകെ 98 ഇനങ്ങളിലായാണ് ഭാവിയുടെ താരങ്ങൾ മാറ്റുരയ്ക്കുക.
സബ് ജൂനിയര്‍ ബോയ്‌സ് ആന്‍ഡ് ഗേള്‍സ്, ജൂനിയര്‍ ബോയ്‌സ് ആന്‍ഡ് ഗേള്‍സ്, സീനിയര്‍ ബോയ്‌സ് ആന്‍ഡ് ഗേള്‍സ് എന്നീ ആറ് കാറ്റഗറികളിലായി ആകെ 2737 മത്സരാര്‍ഥികളാണ് മീറ്റിൽ പങ്കെടുക്കുന്നത്. 1443 ആണ്‍കുട്ടികളും, 1294 പെണ്‍കുട്ടികളും ഇതിൽ ഉള്‍പ്പെടുന്നു. മുന്നൂറ്റിയമ്പതോളം ഒഫിഷ്യല്‍സും ഇത്തവണ മേളയ്‌ക്കെത്തും.
നാലു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് തിരുവനന്തപുരത്ത് കായികോത്സവം നടക്കുന്നത് കോവിഡിനെ തുടർന്നുണ്ടായ രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം നടക്കുന്ന ആദ്യ സംസ്ഥാന സ്‌കൂള്‍ കായികോത്സവമാണിത്.