തിരുവനന്തപുരം: വിഴിഞ്ഞം അക്രമ സംഭവങ്ങളില്‍ രൂക്ഷമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ വിരട്ടിക്കളയാമെന്ന് ആരും കരുതേണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. വിഴിഞ്ഞത്ത് നടന്നത് സര്‍ക്കാരിനെതിരെയുള്ള നീക്കമല്ല, നാടിന്റെ മുന്നോട്ടു പോക്കിനെ തടയാനുള്ള ശ്രമമാണ്. ഏത് വേഷത്തില്‍വന്നാലും അത് സമ്മതിക്കാനാവില്ല എന്ന് മനസിലാക്കിക്കൊള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിഷേധം വേറെ മാനങ്ങളിലേക്ക് മാറ്റാനാണ് ശ്രമം. നാടിന്‍റെ ശാന്തിയും സമാധാനവും തകര്‍ക്കാനാണ് ശ്രമമെന്ന് പറഞ്ഞ മുഖ്യമന്ത്രി, സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇനി ഒന്നും ചെയ്യാനില്ലെന്നും വ്യക്തമാക്കി. സമരക്കാരുടെ എല്ലാം ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതി നിര്‍ത്തിവച്ചാല്‍ അത് മോശം സന്ദേശം നല്‍കുമെന്നും വിഴിഞ്ഞം പദ്ധതി ഉപേക്ഷിച്ചാല്‍ കേരളത്തിന്‍റെ വിശ്വാസ്യത തകരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഹരിതോർജ വരുമാന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന് ആവശ്യമുള്ള പദ്ധതിയെ എതിർക്കുന്നവരുണ്ട്. എന്നാല്‍, നാടിൻ്റെ ഭാവിയിൽ താൽപര്യമുള്ള എല്ലാവരും സഹകരിക്കുകയും പിന്തുണ നൽകുകയും ചെയ്യും എന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ. ചില പദ്ധതികളുടെ പേരിൽ സർക്കാരിനെ വല്ലാതെ ആക്രമിക്കുന്നു. പ്രക്ഷോഭത്തെ കണ്ട് വികസന പദ്ധതികളിൽ നിന്ന് സർക്കാർ പിന്നോട്ട് പോകില്ല. പദ്ധതി തന്നെ നിർത്തിവയ്ക്കണം എന്ന് മുദ്രാവാക്യം അംഗീകരിക്കാൻ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരക്കാരുടെ ബാക്കി എല്ലാം ആവശ്യവും സർക്കാർ അംഗീകരിച്ചിരുന്നു. എന്നാല്‍, പദ്ധതി നിര്‍ത്തണമെന്ന് ആവശ്യം അംഗീകരിക്കാനാവില്ലെന്നും പദ്ധതി ഉപേക്ഷിച്ചാൽ കേരളത്തിന്‍റെ വിശ്വാസത തകരുമെന്നും പിണറായി വിജയന്‍ പ്രതികരിച്ചു.
പദ്ധതി കൊണ്ട് തീര ശോഷണം സംഭവിച്ചില്ല എന്നാണ് പഠന റിപ്പോർട്ടുകൾ. സമരത്തിന് നേതൃത്വം നൽകുന്നവർ തന്നെ കാണാൻ വന്നു. അനൗദ്യോഗിക കൂടിക്കാഴ്ചയായിരുന്നു. പദ്ധതി നിർത്തിവയ്ക്കാൻ കഴിയില്ല എന്ന് അവരും അംഗീകരിക്കുന്ന അവസ്ഥയിലേക്ക് വന്നു. ഈ പദ്ധതിയുടെ ഭാഗമായി തീര ശോഷണം ഉണ്ടായിട്ടില്ലെന്നും ഏതെങ്കിലും രീതിയിൽ തീര ശോഷണം ഉണ്ടായിട്ടുണ്ടോ എന്ന് പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കാം എന്ന് ഉറപ്പ് നൽകിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന് ഇക്കാര്യത്തിൽ വേറൊന്നും ചെയ്യാനില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, സമരം മാനങ്ങളിലേക്ക് മാറ്റാനാണ് ശ്രമം നടക്കുന്നുണ്ടെന്നും കുറ്റപ്പെടുത്തി.
മന്ത്രി വി. അബ്ദുറഹ്മാന് എതിരെയുള്ള ഫാദർ തിയോഡോഷ്യസ് ഡിക്രൂസിന്റെ തീവ്രവാദി പരാമർശത്തെയും മുഖ്യമന്ത്രി വിമർശിച്ചു. കേരളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിയായി പ്രവര്‍ത്തിക്കുന്ന ഒരാളുടെ പേര് അബ്ദുറഹിമാന്‍ ആയിപ്പോയി. ആ പേരില്‍ തന്നെ രാജ്യദ്രേഹിയുടെ നിലയുണ്ട് എന്ന് പറയാന്‍ ഒരാള്‍ക്ക് കഴിയുന്നുവെന്ന് വന്നാല്‍ എന്താണ് അര്‍ത്ഥം? ഇതെങ്ങോട്ടാണ് പോവുന്നത്? എന്ത് വികാരമാണ് ഇളക്കിവിടാന്‍ ശ്രമിക്കുന്നത്? ഇക്കൂട്ടര്‍ പോലീസിന് നേരെ വ്യാപകമായ ആക്രമണം നടത്തി. പോലീസ് ഉദ്യോഗസ്ഥന്റെ കാല്‍ തല്ലിയൊടിക്കുന്നു. എന്ത് പ്രകോപനമാണുണ്ടായത് ? പോലീസ് സ്റ്റേഷനകത്തുള്ള പോലീസുകാരന്‍ ആക്രമിക്കപ്പെടുന്നു. അത് നേരത്തെ പ്രഖ്യാപിക്കുന്നു. നമ്മുടെ സംസ്ഥാനത്ത് ഒരു തരത്തിലും നടക്കില്ല എന്ന് കരുതിയിരുന്ന കാര്യങ്ങളാണ് നടക്കുന്നത്.
ആദ്യം പ്രഖ്യാപനം നടത്തുന്നു. ആ ആക്രമണം യാഥാര്‍ത്ഥ്യമാക്കുന്നു. അതിനുവേണ്ടി ആളുകളെ സജ്ജരാക്കുന്നു. പ്രത്യേക രീതിയിലുള്ള ആള്‍ക്കൂട്ടത്തെ സജ്ജരാക്കുന്നു. പ്രത്യേക പദ്ധതയുമായി മുന്നോട്ട് പോവുന്നു. എന്തിന് വേണ്ടിയാണിത് ? പദ്ധതി നിര്‍ത്തിവെക്കണമെന്ന അഭിപ്രായം ഈ പ്രദേശത്തുണ്ടോ ? തിരുവനന്തപുരം ജില്ലയിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും എല്ലാ സംഘടനകളും കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ആക്രമണത്തെ അപലപിക്കുകയാണ് ചെയ്തത്. ഞങ്ങളുടെ ഭാഗത്തുനിന്നും അക്രമണം ഉണ്ടാവില്ല എന്ന് സമര സമിതിക്കാര്‍ പറഞ്ഞു. ഇവിടെ ആക്രമണം നടന്നിരിക്കുന്നു എന്ന് അവര്‍ സമ്മതിക്കുകയാണ്.
എല്ലാവരും പറയുന്നത് പദ്ധതി ആവശ്യമാണ് എന്നാണ്. ഇത് കേവലം സര്‍ക്കാരിനെതിരെയുള്ള നീക്കമല്ല നാടിന്റെ മുന്നോട്ട് പോക്കിനെതിരെയുള്ള ശ്രമമാണ്. ഏത് വേഷത്തില്‍വന്നാലും അത് സമ്മതിക്കാനാവില്ല എന്ന് മനസിലാക്കിക്കൊള്ളൂ. ഒന്നുകൊണ്ടും സര്‍ക്കാരിനെ വിരട്ടിക്കളയാമെന്ന് കരുതേണ്ട. നാഷണല്‍ ഹൈവേക്കും ഗെയില്‍ പൈപ്പ് ലൈനും ഇടമണ്‍ കൊച്ചി പവര്‍ ഹൈവേക്കും സംഭവിച്ചതും തന്നെ വിഴിഞ്ഞം പോര്‍ട്ടിന്റെ കാര്യത്തിലും സംഭവിക്കും. അതിന് ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















