ഹൈദരാബാദ്: തെലങ്കാനയിലെ ഓപ്പറേഷൻ താമര കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് ആശ്വാസമായി കോടതി തീരുമാനം. തുഷാറിന്റെ അറസ്റ്റ് തെലങ്കാന ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. തുഷാറിനോട് അന്വേഷണവുമായി സഹകരിക്കാൻ കോടതി നിർദ്ദേശം നൽകി.
കേസന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് തുഷാർ നൽകിയ ഹർജി പരിഗണിക്കവെയാണ് സിംഗിൾ ബെഞ്ചിന്‍റെ നിർദ്ദേശം. അതേസമയം, കേസ് സിബിഐക്ക് കൈമാറണമെന്ന തുഷാറിന്‍റെ ആവശ്യം കോടതി പരിഗണിച്ചില്ല.
മുതിർന്ന അഭിഭാഷകനായ പി.പി ഹെഗ്‌ഡെ ആണ് തുഷാറിനായി കോടതിയിൽ ഹാജരായത്. തുഷാർ ഒരു പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണെന്നും മുന്നണി ബന്ധത്തിന്റെ ഭാഗമായി വിവിധ കക്ഷി നേതാക്കളുമായി ചർച്ച ചെയ്യേണ്ടിവരുമെന്നാണ് അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. അതിനെ സർക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കാനാവില്ലെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
















