കോഴിക്കോട് : കോഴിക്കോട് കാരന്തൂര്‍ മൈതാനത്ത് കോളേജ് വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം. ഫുട്ബോള്‍ ആരാധകരായ വിദ്യാര്‍ഥികളാണ് ബുധനാഴ്ച ഉച്ചയ്ക്ക് മൈതാനത്ത് അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയത്.
മര്‍ക്കസ് ആര്‍ട്സ് കോളേജിലെ വിദ്യാര്‍ഥികളാണ് കാറുകളില്‍ വിവിധ രാജ്യങ്ങളുടെ പതാക ഏന്തി അഭ്യാസങ്ങള്‍ കാട്ടിയത്. കാറിന്റെ ഡോറുകൾ തുറന്നും, മൈതാനത്ത് വട്ടംചുറ്റിച്ചുമായിരുന്നു അഭ്യാസപ്രകടനങ്ങൾ. കാറിന്റെ ഡിക്കിയിൽ ഉൾപ്പെടെ വിദ്യാർഥികൾ ഇരിക്കുന്നത് പുറത്തുവന്ന വീഡിയോയിൽ ദൃശ്യമാണ്. പത്തിലധികം വാഹനങ്ങല്‍ ഉപയോഗിച്ചായിരുന്നു പ്രകടനം.
സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിച്ചു. നാല് വാഹനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തതായാണ് വിവരം. വാഹനങ്ങളുടെ രേഖകൾ ഹാജരാക്കാൻ നിർദേശം നൽകിയിരിക്കുകയാണ്.
















