തിരുവനന്തപുരം: പോക്സോ കേസ് പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിനു നേരെ ഉണ്ടായ ആക്രമണത്തില്‍ എഎസ്ഐയുടെ തലയ്ക്കു പരിക്ക്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടാൻ എത്തിയപ്പോഴായിരുന്നു ആക്രമണം.
പാറശാല സ്റ്റേഷനിലെ എഎസ്ഐ ജോണിന് ആണ് പരിക്കേറ്റത്. പോക്സോ കേസിലെ പ്രതിയായ കളിയിക്കാവിള ആർ.സി തെരുവിൽ സ്റ്റാലിൻ ആണ് അക്രമം നടത്തിയത്.പതിനൊന്ന് വർഷം മുൻപ് റജിസ്റ്റർ കേസിലെ പ്രതിയാണ് സ്റ്റാലിന്. പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയ സ്റ്റാലിൻ അടുത്തിടെ നാട്ടിലെത്തിയിരുന്നു. ഇയാൾ നാട്ടിലെത്തിയ വിവരം അറിഞ്ഞ പൊലീസ് ഇയാളെ പിടികൂടാൻ മഫ്തിയിൽ എത്തുകയായിരുന്നു. സ്ഥലത്തുവച്ച് ആറുപേർ അടങ്ങുന്ന പൊലീസ് സംഘവും പ്രതിയും തമ്മിൽ വാക്കേറ്റം നടന്നു.
പിടിവലിക്കൊടുവിൽ സ്റ്റാലിൻ ശക്തിയായി എഎസ്ഐയെ പിടിച്ച് തള്ളി.തള്ളലിന്റെ ആഘാതത്തില്‍ തറയിൽ വീണ് എഎസ്ഐക്ക് പരിക്കേറ്റു. പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും തലയ്ക്കു പരിക്കേറ്റതിനാൽ മെഡിക്കൽ കോളജിലേക്ക് അയച്ചു. പ്രതിയെ പൊലീസ് പിടികൂടി.