തിരുവനന്തപുരം: സംഘര്‍ഷമുണ്ടായ വിഴിഞ്ഞത്ത് ഡിഐജി ആര്‍.നിശാന്തിനി ഇന്ന് സന്ദര്‍ശനം നടത്തും. കഴിഞ്ഞ ദിവസമാണ് ക്രമസമാധാന പാലനത്തിന് നിശാന്തിനിയെ വിഴിഞ്ഞത്തെ സ്‌പെഷ്യല്‍ ഓഫീസറാക്കി നിയമിച്ചത്. അതേസമയം, ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് മദ്യ നിരോധനവും ജാഗ്രതാ നിര്‍ദ്ദേശവും തുടരുകയാണ്.
അതിനിടെ വിഴിഞ്ഞം പ്രദേശത്തുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലീസ് ഇപ്പോള്‍ നടത്തുന്നത്. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. അതേസമയം, പൊലീസ് സ്റ്റേഷന്‍ അടിച്ചുതകര്‍ത്തതിന് 3000 പേര്‍ക്കെതിരെ കേസെടുത്തുവെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
എന്നാല്‍ വിഴിഞ്ഞത്തെ സമരം കലാപശ്രമമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ പുരോഹിതന്മാര്‍ പല കാരണങ്ങള്‍ പറഞ്ഞ് സമരത്തിന് നിര്‍ബന്ധിക്കുകയാണെന്നും കേസ് വന്നാല്‍ ബുദ്ധിമുട്ടുന്നത് മത്സ്യത്തൊഴിലാളികളാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
















