അവതാറിന് വിലക്കില്ലെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ. ഫെഡറേഷന് കീഴിലുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് ലിബർട്ടി ബഷീർ പറഞ്ഞു. ചിത്രം പ്രദർശിപ്പിക്കില്ലെന്ന ഫിയോക്കിന്റെ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെയാണ് പ്രദർശിപ്പിക്കുമെന്ന് പറഞ്ഞ് ലിബർട്ടി ബഷീർ രംഗത്തെത്തിയത്.
അവതാറിന്റെ അണിയറപ്രവർത്തകർ തിയേറ്റർ കളക്ഷന്റെ 60 ശതമാനം ചോദിച്ചു എന്ന കാരണത്താലാണ് ചിത്രത്തിനെതിരെ ഫിയോക്ക് അധികൃതർ രംഗത്തെത്തിയത്. റിലീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി അറിയിക്കാതെ തിയേറ്ററുകൾക്ക് നേരിട്ട് എഗ്രിമെന്റ് അയയ്ക്കുകയായിരുന്നുവെന്നും ഫിയോക്കിന് കീഴിലുള്ള തിയേറ്ററുടമകൾ അറിയിച്ചിരുന്നു. അവതാർ 2 മിനിമം മൂന്നാഴ്ച്ച പ്രദർശിപ്പിക്കണം എന്നതും അംഗീകരിക്കാൻ സാധിക്കില്ലെന്നും സംഘടന വ്യക്തമാക്കി.
അന്യഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് മാനദണ്ഡം 50:50 എന്നതാണ്. അത് ലംഘിക്കുന്ന സിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് ഫിയോക്ക് പറയുന്നു. അവതാർ ആദ്യഭാഗം 50:50 ധാരണ പ്രകാരം ആണ് തിയറ്ററുകളിൽ പ്രദർശിപ്പിച്ചത്. അഡ്വാൻസ് കൊടുത്തിരുന്നില്ലെന്നും ഫിയോക് പറയുന്നു. വിഷയത്തിൽ അവതാർ 2 അണിയറ പ്രവർത്തകുമായി ചർച്ചയ്ക്ക് തയാറാണെന്നും ഫിയോക് വ്യക്തമാക്കി.
ഡിസംബർ 16-ന് ആണ് ‘അവതാർ- ദി വേ ഓഫ് വാട്ടർ’ റിലീസിനെത്തുന്നത്. ജെയിംസ് കാമറൂണ്‍ ചിത്രം മലയാളം ഉൾപ്പടെ ഇന്ത്യയിലെ ആറ് ഭാഷകളിൽ റിലീസ് ചെയ്യും. 2009-ലായിരുന്നു ആദ്യഭാഗം പുറത്തിറങ്ങിയത്.
















