ഡോ.സിസ തോമസിനെ വിസിയായി നിയമിച്ച ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. വിസി നിയമനം നടത്താൻ നടപടിയെടുക്കാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.സാങ്കേതിക സർവകലാശാല വിസി ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടറായ ഡോ.സിസ തോമസിനെ നിയമിച്ച ഉത്തരവിനെതിരെയായിരുന്നു സർക്കാർ ഹർജി നൽകിയത്.
ചാൻസലറുടെ നടപടിയിൽ തെറ്റൊന്നും കാണുന്നില്ലെന്ന്, ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. വിസിയായി സർക്കാർ നിർദേശിച്ചവരും നിർദിഷ്ട യോഗ്യത ഉള്ളവർ ആയിരുന്നില്ല. മറ്റു വിസിമാരെ നിയോഗിക്കാതിരുന്ന നടപടിയും തെറ്റെന്നു കരുതാനാകില്ലെന്നു കോടതി പറഞ്ഞു. രണ്ടോ മൂന്നോ മാസത്തിനകം സ്ഥിരം വിസിയെ നിയമിക്കണമെന്നും കോടതി നിർദേശിച്ചു.
ചാൻസലർ കൂടിയായ ഗവർണറുടെ നടപടിക്കെതിരെ സർക്കാർ ഹർജിയുമായി വന്നത് അത്യപൂർവമായ നീക്കമാണെന്നു കോടതി അഭിപ്രായപ്പെട്ടു
















