ഉദിയൻകുളങ്ങര പുതുക്കുളങ്ങരയിൽ ഭാര്യ ഭർത്താവിനെ കോടാലിക്ക് വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നിൽ സാമ്പത്തിക ബാധ്യതയെന്ന് സൂചന. ഉദിയൻകുളങ്ങര പുതുക്കുളങ്ങര ബ്രബിൻ കോട്ടേജിൽ കരിപ്പെട്ടി ബിസിനസുകാരൻ ചെല്ലപ്പനാണ് കൊല്ലപ്പെട്ടത്. തർക്കത്തെ തുടർന്ന് ഉറങ്ങിക്കിടന്ന ഭർത്താവിനെ അർദ്ധരാത്രി വീട്ടമ്മ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഭാര്യ ലൂർദ്ദ് മേരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച പുലർച്ചെ ഒരു മണിക്കായിരുന്നു കൊലപാതകം. കരിപ്പെട്ടി ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ബാദ്ധ്യതയും മൂത്ത മകളുടെ വിവാഹത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങളുമാണ് ലൂർദ് മേരിയെ കൊലപാതകത്തിലേക്ക് നയിച്ചത്. തലയിലും മുഖത്തും ആഴത്തിൽ വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. മൂന്ന് വെട്ടുകളാണ് ശരീരത്തിലുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.
ലൂർദ് മേരി ആദ്യം ഭർത്താവിൻ്റെ തലയിലാണ് വെട്ടിയത്. വെട്ടേറ്റ് നിലവിളിച്ചതോടെ വായിലും വെട്ടുകയായിരുന്നുവെന്ന് ലൂർദ് മേരി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ചെല്ലപ്പനെ വെട്ടിക്കൊലപ്പെടുത്താൻ ഉപയോഗിച്ച കോടാലി കൊലപാതകം നടന്നമുറിയിലെ കട്ടിലിന് സമീപത്തു നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പാതിരാത്രിയാണ് കൊലപാതകം നടന്നത്. ഈ സമയത്ത് ഇരുവരേയും കൂടാതെ മൂന്നാമത്തെ മകൾ വീട്ടിലുണ്ടായിരുന്നു. രാത്രിയിൽ അച്ഛനമ്മമാരുടെ കിടപ്പുമുറിയിൽ നിന്ന് നിലവിളി കേട്ട് മകൾ ഉണർന്നിരുന്നു. ആ സമയം മുറിയിൽ നിന്ന് പുറത്തുവരുന്ന അമ്മയെയാണ് കണ്ടത്. എന്താണ് നിലവിളി കേട്ടതെന്ന് മകൾ ചോദിച്ചപ്പോൾ ഞാൻ നിൻ്റെ അച്ഛനെ കൊന്നുവെന്നായിരുന്നു ലൂർദ് മേരി മറുപടി പറഞ്ഞത്. അമ്മയുടെ മറുപടി കേട്ട് മകൾ ഭയന്ന് നിലവിളിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ ലൂർദ്ദ് മേരിയെ അടുത്ത മുറിയിൽ പൂട്ടിയിട്ട ശേഷമാണ് പൊലീസിൽ വിവരമറിയിച്ചത്. .