തിരുവനന്തപുരം: വിഴിഞ്ഞത്തേക്ക് കൂടുതൽ പൊലീസുകാരെത്തും. ശബരിമലയിൽ നിന്ന് നൂറു പൊലീസുകാരെ വിഴിഞ്ഞത്തേക്ക് നിയോഗിച്ചു. അഡീഷണൽ ഡ്യൂട്ടിയിലുള്ള പൊലീസുകാരെയാണ് പിൻവലിച്ചത്. ഉടൻ വിഴിഞ്ഞത്തേക്കെത്താൻ പൊലീസുകാർക്ക് നിർദേശം നൽകി.
അതേസമയം, വിഴിഞ്ഞം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന സർവകക്ഷി യോഗത്തിൽ പൊലീസിനെ വിമർശിച്ച് ലത്തീൻ സഭ രംഗത്തെത്തി. ഇന്നലത്തെ സംഭവങ്ങൾ പൊലീസ് ക്ഷണിച്ചുവരുത്തിയതാണെന്നാണ് ലത്തീൻ സഭയുടെ വിമർശനം. കാര്യങ്ങൾ അന്വേഷിക്കാൻ സ്റ്റേഷനിൽ പോയ ആളുകളെ പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തു. അതിന്റെ സ്വാഭാവിക പ്രതികരണമാണ് ഇന്നലെ കണ്ടതെന്നും യോഗത്തിൽ ലത്തീൻ സഭ പറഞ്ഞു.
യോഗത്തിൽ വികാരി ജനറൽ ഫാ യൂജിൻ പെരേര സംസാരിച്ചപ്പോൾ മറ്റ് കക്ഷികൾ അതിനെ തടസപ്പെടുത്തി. സാമാന്യ യുക്തിയ്ക്ക് നിരക്കുന്ന കാര്യങ്ങൾ അല്ല സഭാ നേതൃത്വം പറയുന്നതെന്നാണ് വിമർശനം. ഉത്തരവാദിത്വമുള്ള സഭാ നേതൃത്വം രാഷ്ട്രീയം കളിയ്ക്കരുതെന്നും സർവകക്ഷി യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.
ഇന്നലെ വിഴിഞ്ഞത്തുണ്ടായ അക്രമ സംഭവങ്ങളെ അപലപിക്കുമ്പോഴും പ്രശ്‌ന പരിഹാരം എങ്ങനെയെന്ന ചോദ്യം സർവകക്ഷി യോഗത്തിന് ശേഷവും അവശേഷിക്കുകയാണ്. ആക്രമണം സ്വഭാവികമെന്നും തങ്ങൾക്ക് പങ്കില്ലെന്നുമുള്ള സമരസമതിയുടെ നിലപാടിനെതിരെ രൂക്ഷ വിമർശനം യോഗത്തിൽ ഉയർന്നു.
വിഴിഞ്ഞം സമരസമിതിയുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ചയ്ക്ക് തയാറാകണമെന്ന് കോൺഗ്രസ് സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ തുറമുഖ നിർമാണം ഒരു മണിക്കൂർ പോലും വൈകരുതെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്.
തുറമുഖ നിർമ്മാണത്തിൽ നിന്ന് സർക്കാർ ഒരിഞ്ച് പോലും പിന്നോട്ടുപോകില്ലെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. യോഗത്തിൽ സമരസമിതി ഒറ്റപ്പെട്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്രമസമാധാനപാലനത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന മുന്നറിയിപ്പ് പൊലീസും നൽകി. സംഘർഷം ഉണ്ടാകില്ലെന്ന ഉറപ്പ് സമരക്കാർ നൽകിയെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ പ്രതികരണം. എന്നാൽ ചർച്ചയ്ക്ക് തയ്യാറാകാതെ ഒളിച്ചു കളിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ദൂരഹമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി രാജേഷും പറഞ്ഞു. അതിനിടെ വൈദികർക്കെതിരെ കേസെടുത്ത നടപടിക്കെതിരെ കെസിബിസി രംഗത്തെത്തി. അക്രമസംഭവങ്ങളെ കുറിച്ച് നീതി പൂർവമായ അന്വേഷണം വേണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
















