തിരുവനന്തപുരം: കെ റെയിലിന്റെ സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിക്കപ്പെട്ടിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. നിലവില്‍ അതിന് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ മറ്റൊരു വഴിക്ക് കൊണ്ടുപോകല്‍ മാത്രമാണ് തിങ്കളാഴ്ചത്തെ ഉത്തരവിലൂടെ വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കെ റെയിലിനായി ഭൂമിയേറ്റെടുക്കാന്‍ നിര്‍ദേശിച്ച എല്ലാ ഉദ്യോഗസ്ഥരെയും റവന്യൂ വകുപ്പ് മടക്കി വിളിച്ചിരുന്നു. പതിനൊന്ന് ജില്ലകളിലായി ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്ക് നിയോഗിച്ച 205 ഉദ്യോഗസ്ഥരെയാണ് തിരികെ വിളിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
അടിയന്തരമായി പൂർത്തിയാക്കേണ്ട മറ്റു പദ്ധതികൾക്കു വേണ്ടി സ്ഥലമേറ്റെടുക്കാനായി അവരെ മാറ്റിനിയോഗിച്ചതാണ്. റെയിൽവേ ബോർഡിൽനിന്ന് കെറെയിലിന് അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇവരെ വീണ്ടും നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
റെയില്‍വേ ബോര്‍ഡിന്റെ അനുമതി ലഭിച്ചാല്‍ ഈ ഉദ്യോഗസ്ഥരെ തിരികെ കൊണ്ടുവരാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭൂമിയേറ്റെടുക്കാനുള്ള റെയില്‍വേയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും അനുവാദം ലഭ്യമായതിന് ശേഷം മാത്രമേ ഭൂമിയേറ്റെടുക്കല്‍ നടപടികളിലേക്ക് പോകുകയുള്ളൂവെന്നും കെ.രാജന്‍ വ്യക്തമാക്കി.
കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ലഭിക്കുംവരെ പദ്ധതിക്കായുള്ള സാമൂഹികാഘാത പഠനം നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഭൂമി ഏറ്റെടുക്കലിനു വിട്ടുനൽകിയ ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കാൻ തീരുമാനിച്ചത്.
205 ജീവനക്കാരെയാണ് റവന്യൂ വകുപ്പ് തിരിച്ചു വിളിക്കുക. സംസ്ഥാനത്തെ വിവിധ വില്ലേജുകളിലായി 1221ഹെക്ടർ പ്രദേശത്താണ് സാമൂഹികാഘാത പഠനം നടത്താൻ തീരുമാനിച്ചത്.
















