തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തില്‍ പരുക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളജ് ഉറപ്പാക്കിയെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ്. സംഘർഷത്തിൽ പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആശുപത്രി സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള പ്രത്യേക ടീമിനെ നിയോഗിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്തു.
പരുക്കേറ്റവരെ ചികിത്സിക്കുന്നതിനായി 22-ാം വാര്‍ഡ് പ്രത്യേക ചികിത്സാകേന്ദ്രമാക്കി മാറ്റുകയും മള്‍ട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍ ഐസിയുവും സജ്ജമാക്കുകയും ചെയ്തു. പരുക്കേറ്റവര്‍ക്ക് കാലതാമസമില്ലാതെ വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ എല്ലാ ക്രമീകരണങ്ങളും ചെയ്തു. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള ആംബുലന്‍സുകളും സജ്ജമാക്കിയെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
അതേസമയം, വിഴിഞ്ഞത്ത് സര്‍ക്കാരിനും കോടതിക്കും പോലീസിനുമെതിരേ യുദ്ധം നടക്കുകയാണെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയില്‍. വിഴിഞ്ഞം സമരക്കാര്‍ക്ക് സ്വന്തം നിയമമാണെന്നും അവിടെ ക്രമസമാധാന പ്രശ്നം നിലനില്‍ക്കുന്നുവെന്നും അദാനി ഗ്രൂപ്പ് കോടതിയില്‍ വിശദീകരിച്ചു.
എന്നാല്‍ 5,000 പോലീസുകാരെ സമരമുഖത്ത് വിന്യസിച്ചിരുന്നുവെന്ന് സർക്കാർ മറുപടി നൽകി. സംഘർഷ സാഹചര്യങ്ങൾ ഒഴിവാക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. 3,000 പ്രക്ഷോഭകർ പോലീസ് സ്റ്റേഷൻ വളഞ്ഞ് ആക്രമണം നടത്തിയെന്നും നിരവധി പോലീസുകാർക്ക് പരിക്കേറ്റുവെന്നും സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്നും സർക്കാർ വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനത്തിന് സമരക്കാരില്‍ നിന്നും സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നല്കിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വിഴിഞ്ഞം സംഭവത്തില്‍ നടപടിയെടുക്കണമെന്നും സ്വീകരിച്ച നടപടികള്‍ വെള്ളിയാഴ്ച കോടതിയെ അറിയിക്കണമെന്നും ജസ്റ്റീസ് അനു ശിവരാമന് സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
















