കണ്ണൂർ: വിഴിഞ്ഞത്ത് ഇന്നലെ ഉണ്ടായത് കലാപത്തിനുള്ള ശ്രമമെന്ന് മന്ത്രി വി.ശിവൻകുട്ടി. സമരക്കാർക്കു വിദേശ സംഘടനകളിൽനിന്നു പണം ലഭിക്കുന്നുണ്ടോയെന്നു പരിശോധിക്കണമെന്ന് ,മന്ത്രി ആവശ്യപ്പെട്ടു.
കുറ്റം ചെയ്തവരുടെ പേരിലാണു പൊലീസ് കേസെടുത്തത്. ആരെയും മാറ്റി നിർത്താൻ കഴിയില്ല. ഇനിയും ചർച്ചയ്ക്കു തയാറാണെന്നും സമരക്കാരോടു സഹതാപം മാത്രമാണെന്നും മന്ത്രി പറഞ്ഞു.
പൊലീസ് സമാധാനത്തിന്റെ അങ്ങേയറ്റം വരെ സഹിക്കുകയാണ്. ഒരു സംസ്കാരമുള്ള സമൂഹം നടത്താൻ പാടില്ലാത്ത പ്രവൃത്തികളാണു പൊലീസിനുനേർക്ക് അവിടെ കാണിച്ചിട്ടുള്ളത്. എന്നിട്ടും പൊലീസും സർക്കാരും അങ്ങേയറ്റം സമാധാനത്തോടെയുള്ള സമീപനം സ്വീകരിക്കാൻ തയാറായി എന്നും മന്ത്രി പറഞ്ഞു.
അതേസമയം, വിഴിഞ്ഞം മേഖലയില്‍ കലാപം സൃഷ്ടിക്കാനുള്ള ചില ശക്തികളുടെ ഗൂഢശ്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഎംസംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുണ്ടായ സംഭവങ്ങള്‍ അത്യന്തം ഗൗരവമുള്ളതും അപലപനീയവുമാണ്. സമരം ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. അക്രമങ്ങള്‍ കുത്തിപ്പൊക്കി കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സമരത്തിന്റെ പേരില്‍ നടക്കുന്നത്. ജനങ്ങള്‍ക്കിടയിലെ സൗഹാര്‍ദം ഇല്ലാതാക്കുന്നതിന് പുറപ്പെട്ട ശക്തികള്‍ കലാപം ലക്ഷ്യം വെച്ച് അക്രമ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയാണ്. പോലീസ് സ്റ്റേഷന്‍ തന്നെ തകര്‍ക്കുന്ന സ്ഥിതിയുണ്ടായി.
നിയമം കയ്യിലെടുക്കാനും കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കാനുമുള്ള പരിശ്രമങ്ങള്‍ ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകണം. ഒപ്പം ചില സ്ഥാപിത ലക്ഷ്യങ്ങളോടെ ജനങ്ങളെ ഇളക്കിവിടുന്നവരെ തുറന്നുകാണിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.
















