തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചേർന്ന സർവകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു. കളക്ടര്‍ ജെറോമിക് ജോര്‍ജ് വിളിച്ച യോഗത്തില്‍ ലത്തീന്‍ രൂപത പ്രതിനിധികളും സമരസമിതി നേതാക്കളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും പങ്കെടുത്തു.
വിഴിഞ്ഞത് അക്രമം അനുവദിക്കാനാവില്ലെന്ന് സർക്കാർ യോഗത്തിൽ നിലപാട് സ്വീകരിച്ചു. അക്രമത്തെ രാഷ്ട്രീയ പാർട്ടികൾ അപലപിച്ചു. എന്നാൽ വിഴിഞ്ഞത്ത് ഉണ്ടായത് സ്വാഭാവിക പ്രതികരണമാണ് ഉണ്ടായതെന്ന് സമരസമിതി വാദിച്ചു.
സംഘർഷം വ്യാപകമാവാതിരിക്കാൻ നിയമ നടപടി കർശനമായി നടപ്പാക്കണമെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനമായി. പൊലീസ് ആത്മസംയമനം പാലിച്ചുവെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. പദ്ധതി പ്രവർത്തനം കൂടുതൽ സജീവമാകണമെന്നാണ് പൊതു അഭിപ്രായമെന്നും പദ്ധതിയുമായി മുന്നോട്ട് പോകാൻ സമരസമിതി ഒഴികെ എല്ലാവരും പിന്തുണച്ചെന്നും മന്ത്രി പറഞ്ഞു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകില്ലെന്ന് സമരസമിതി സർവകക്ഷി യോഗത്തെ അറിയിച്ചതായി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിച്ചു. സമാധാന അന്തരീക്ഷം നിലനിർത്താൻ എല്ലാ രാഷ്ട്രീയ പാർട്ടികളും പിന്തുണ പ്രഖ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖ നിർമാണം തുടങ്ങണമെന്ന് പാർട്ടികൾ അറിയിച്ചു. എന്നാൽ ഇതിനോട് സമരസമിത വഴങ്ങിയില്ല. പോലീസ് നടപടിയിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. സമരസമിതി നിലപാട് കടുപ്പിച്ചതോടെ സർവകക്ഷിയോഗം തീരുമാനമാകാതെ പിരിഞ്ഞു.
അതേസമയം, വിഴിഞ്ഞത്ത് ലഹളയുണ്ടാക്കിയവരേയും അതിന് പ്രേരിപ്പിച്ചവർക്കെതിരെയും കർശന നടപടി വേണമെന്ന് സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ഇത്തരം അക്രമസംഭവങ്ങൾ ഉണ്ടയാൽ നടപടിയെടുക്കാൻ കോടതിയുടെ അനുമതിക്ക് കാത്ത് നിൽക്കേണ്ട കാര്യമില്ല. വിഴിഞ്ഞം പദ്ധിക്ക് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നൽകിയ ഹർജിയിലാണ് കോടതി പരാമർശം. ക്രമസമാധാനം ഉറപ്പാക്കാൻ സാധ്യമായതൊക്കെ ചെയ്യുന്നുണ്ടെന്ന് സർക്കാർ അറിയിച്ചു.
മൂവായിരത്തോളം പേരാണ് പൊലീസ് സ്റ്റേഷൻ വളഞ്ഞത്. നാൽപ്പതോളം പൊലീസുകാർക്ക് പരിക്കേറ്റു. വിഴിഞ്ഞത്തുണ്ടായ അനിഷ്ട സംഭവങ്ങളിൽ പൊതുമുതലിനുണ്ടായ നാശനഷ്ടം സമരക്കാരിൽ നിന്ന് തന്നെ ഈടാക്കുമെന്നും സർക്കാർ അറിയിച്ചു. പൊലീസ് സ്വീകരിച്ച നടപടികൾ വ്യക്തമാക്കുന്ന വീഡിയോകളും ഫോട്ടോകളുമടക്കം ഉൾപ്പെടുത്തി വിശദമായ സത്യവാങ്മൂലം നൽകും. ഹർജി വെളളിയാഴ്ച വീണ്ടും പരിഗണിക്കും.
















