കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതിയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടു പോയിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേന്ദ്രസര്‍ക്കാരാണ് അനുമതി നല്‍കാത്തത്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളുടെ കൂടി സഹായത്തോടെ സില്‍വര്‍ ലൈന്‍ നടപ്പാക്കുക എന്നു പറയുമ്പോള്‍ അത് കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും സഹായകമാണ്. ഉദ്യോഗസ്ഥരെ തിരിച്ച് വിളിക്കുന്ന രീതിയില്ലെന്നും അവരുടെ ജോലി കഴിഞ്ഞതിനാലാകും തിരികെ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും മരവിപ്പിച്ചു കൊണ്ട് റവന്യു വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഭൂമിയേറ്റെടുക്കാന്‍ നിര്‍ദേശിച്ച എല്ലാ ഉദ്യോഗസ്ഥരെയും വകുപ്പ് മടക്കി വിളിച്ചു. പതിനൊന്ന് ജില്ലകളിലായി ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്ക് നിയോഗിച്ച 205 ഉദ്യോഗസ്ഥരെയാണ് തിരികെ വിളിപ്പിച്ചത്.
സാമൂഹികാഘാത പഠനം തല്‍ക്കാലം നടത്തേണ്ടതില്ലെന്നും കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി ലഭിച്ച ശേഷം മതി മറ്റ് നടപടികളെന്നും റവന്യു വകുപ്പിന്റെ ഉത്തരവിലുണ്ട്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ തത്കാലം പിന്‍വാങ്ങുന്നു എന്നാണ് റവന്യു വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍നിന്ന് വ്യക്തമാകുന്നത്.
അതേ സമയം, സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രക്ഷോപത്തിൽ പങ്കെടുത്തവർക്കെതിരെ ചുമത്തപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. സിൽവർ ലൈൻ പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കണം. സമരക്കാരെ പൊലീസും സിപിഎം ഗുണ്ടകളും തല്ലിച്ചതച്ചതിന് നഷ്ടപരിഹാരം നൽകണമെന്നും പിഎംഎ സലാം ആവശ്യപ്പെട്ടു.
















