അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുന്‍ ബിജെപി മന്ത്രി ജയനാരായണന്‍ വ്യാസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇന്ന് കോണ്‍ഗ്രസ് സംസ്ഥാന ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്.
രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെലോട്ട് വ്യാസിനെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. നവംബര്‍ അഞ്ചിനാണ് ജയനാരായണന്‍ വ്യാസ് ബിജെപിയില്‍ നിന്ന് രാജിവെച്ചത്.
അതേസമയം, ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ സൂറത്തില്‍ ആംആദ്മി പാര്‍ട്ടി എട്ട് സീറ്റുകള്‍ വരെ നേടുമെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കുമെന്നും ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. അടുത്തമാസം രണ്ട് ഘട്ടങ്ങളായാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് നടക്കുക. 182 നിയമസഭാ സീറ്റുകളിലേക്കാണ് മത്സരം. ഡിസംബര്‍ എട്ടിനാണ് ഫലം പ്രഖ്യാപനം.
















