തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവിൽപ്പന ശാലകളുടെ പ്രവർത്തനം ഏഴുദിവസത്തേക്ക് നിരോധിച്ചു. മദ്യശാലകളുടെ പ്രവര്‍ത്തനം നവംബർ 28 മുതൽ ഡിസംബർ നാല് വരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനെതിരെ തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണ് നടപടിയെന്നും അറിയിപ്പിൽ പറയുന്നു.
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിൽ അർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി കേസെടുത്തതിനു പിന്നാലെ വിഴിഞ്ഞത്ത് വൻ സംഘർഷം തുടരുകയാണ്. പൊലീസ് സ്റ്റേഷൻ വളഞ്ഞ പ്രതിഷേധക്കാർ പൊലീസ് ബസിനു കല്ലെറിഞ്ഞു. അഞ്ച് പൊലീസ് വാഹനങ്ങൾ പ്രതിഷേധക്കാർ തകർത്തു. വാഹനത്തിലെ വയർലെസ് സെറ്റുകൾ തകർത്തു. പ്രതിഷേധക്കാർ ആംബുലൻസ് തടഞ്ഞതോടെ പരുക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ എത്തിക്കാൻ കഴിയാതെ വന്നു. ഫ്ലക്സ് ബോർഡിലെ പട്ടിക വലിച്ചൂരി പ്രതിഷേധക്കാർ പൊലീസിനെ ആക്രമിച്ചു. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകനും പരുക്കേറ്റു.
വിഴിഞ്ഞം, കരമന സ്റ്റേഷനുകളിലെ പൊലീസ് ജീപ്പുകളാണ് പ്രതിഷേധക്കാർ തകർത്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ സ്ഥലത്തെത്തിയിരിക്കുകയാണ്. നിലവിൽ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ അനുനയ ചർച്ച നടത്തുകയാണ്.
















