തിരുവനന്തപുരം: കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം സമരസമിതി നടത്തിയ പ്രതിഷേധം അക്രമാസക്തം. വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെ ഉപകരണങ്ങൾ പ്രതിഷേധക്കാർ അടിച്ചുതകർത്തു. സമരക്കാർ പൊലീസിന്‍റെ 5 ജീപ്പ്, 2 വാൻ, 20 ബൈക്കുകൾ, സ്റ്റേഷനിലെ ഓഫിസ് മുറികളിലെ ഫർണിച്ചറുകൾ തുടങ്ങിയവ നശിപ്പിച്ചു.
സമരക്കാരും പോലീസും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ 30 ലേറെ പൊലീസുകാർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരു പ്രാദേശിക മാധ്യമ പ്രവർത്തകനും പരുക്കേറ്റു. ഷെരീഫ് എന്ന മാധ്യമപ്രവർത്തകനാണ് പരുക്കേറ്റത്. ഇയാളുടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തിട്ടുണ്ട്.
സംഘർഷം നിയന്ത്രിക്കാൻ പോലീസ് നിരവധി തവണ കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാർക്കു നേരെ ലാത്തിവീശുകയും ചെയ്തു. വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിസരം യുദ്ധക്കളമായി തുടരുകയാണ്. പ്രതിഷേധക്കാർ രാത്രി വൈകിയും പിരിഞ്ഞുപോകാൻ കൂട്ടാക്കിയില്ല.
സംഘർഷമുണ്ടാക്കുന്നവരെ പിരിച്ചു വിടാൻ പലതവണ കണ്ണീർവാതകം പ്രയോഗിച്ചു. ചിതറിയോടിയ പ്രവർത്തകർ സ്റ്റേഷനു മുന്നിൽ വീണ്ടും തിരികെയെത്തി. പിന്നാലെ ലാത്തിച്ചാർജ് നടത്തി.
സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. അവധിയിലായിരുന്ന പൊലീസുകാരെ തിരികെ വിളിപ്പിച്ചു. കൂടുതൽ ആംബുലൻസുകളെ എത്തിക്കാൻ നിർദേശം നൽകി.
സമരക്കാരെ നേരിടാൻ പോലീസും കൂടുതൽ സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്. സമീപ സ്റ്റേഷനുകളിൽനിന്ന് പോലീസുകാരെ വിഴിഞ്ഞത്തേക്ക് എത്തിച്ചിട്ടുണ്ട്. റാപ്പിഡ് ആക്ഷൻ ഫോഴ്സും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഡിസിപിയുടെ നേതൃത്വത്തിലാണ് പോലീസിനെ വിന്യസിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാതെ പിരിഞ്ഞുപോകില്ലെന്നാണ് സമരക്കാരുടെ നിലപാട്. പോലീസ് ഇതിന് വഴങ്ങിയിട്ടില്ല.
കസ്റ്റഡിയിൽ എടുത്തവർ നിരപരാധികളാണെന്നും വിട്ടയയ്ക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. വൈദികർ അടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്.
അതേസമയം, സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവിൽപ്പന ശാലകളുടെ പ്രവർത്തനം ഏഴ് ദിവസത്തേക്ക് നിരോധിച്ചു. മദ്യശാലകളുടെ പ്രവര്‍ത്തനം നവംബർ 28 മുതൽ ഡിസംബർ നാല് വരെ നിരോധിച്ചതായി ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനെതിരെ തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണ് നടപടിയെന്നും അറിയിപ്പിൽ പറയുന്നു.
















