തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരോട് പ്രതികാര നടപടി പാടില്ലെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ. ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പൊലീസ് ഇടപെടുന്നത് സ്വാഭാവികം. പ്രശ്നം പരിഹരിക്കാൻ ഇടപെടാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം പദ്ധതി നടപ്പാക്കാൻ അനുവദിക്കണമെന്നാണ് സഭയുടെ നിലപാട്. തീരവാസികളെ വിശ്വാസത്തിലെടുത്ത് വേണം പദ്ധതി നടപ്പാക്കാനെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ പറഞ്ഞു.
ആളുകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. സമരം കൈവിട്ട് പോകുന്ന അപകടകരമായ അവസ്ഥയിലേക്ക് പോകരുത്. പ്രതികാര നടപടികളിലൂടെ സമരത്തെ ഇല്ലാതാക്കാനാകില്ലെന്നും സ്വത്തിനും ജീവനും സുരക്ഷ ഉറപ്പാക്കി വേണം പദ്ധതി നടപ്പാക്കാനെന്നും കാതോലിക്ക ബാവ ദില്ലിയില്‍ പറഞ്ഞു.
അതേസമയം, വിഴിഞ്ഞം തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ശനിയാഴ്ച ഉണ്ടായ സംഘർഷത്തിൽ അൻപതിലധികം വൈദികരെ പ്രതിചേർത്ത് കേസെടുത്തതിന് പിന്നാലെ പൊലീസ് അറസ്റ്റിലേക്ക് കടന്നു. വിഴിഞ്ഞം സ്വദേശി സെൽറ്റനെ അറസ്റ്റ് ചെയ്തു. വിഴിഞ്ഞം പൊലീസാണ് അറസ്റ്റ് ചെയ്തത്.
















