തിരുവനന്തപുരം: വിഴിഞ്ഞത്ത് സംഘര്‍ഷാവസ്ഥ. വിഴിഞ്ഞം പൊലീസ് സ്റ്റേഷന് മുന്നില്‍ സമരസമിതി തടിച്ചുകൂടി. കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വെറുതെ വിടണമെന്നാണ് ആവശ്യം. മത്സ്യ തൊഴിലാളികളുടെ നേതൃത്വത്തിൽ മൂന്നു പൊലീസ് ജീപ്പ് തകർത്തു. പൊലീസുകാർക്കം സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്.
സ്ഥലത്ത് ഇരുന്നൂറോളം പോലീസുകാരെ അധികമായി വിന്യസിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡി.സി.പിയുടെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സന്നാഹം സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ പൊലീസുകാരെ പ്രദേശത്തേക്ക് എത്തിക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്.
തുറമുഖനിര്‍മാണത്തിന് പാറയുമായെത്തിയ ലോറികള്‍ പദ്ധതി പ്രദേശത്തേക്കു കയറ്റിവിടാതെ തടഞ്ഞതിനെത്തുടര്‍ന്നാണ് ശനിയാഴ്ച വിഴിഞ്ഞത്ത് ഇരുവിഭാഗം ജനങ്ങള്‍ ഏറ്റുമുട്ടിയത്. മണിക്കൂറുകള്‍നീണ്ട സംഘര്‍ഷത്തില്‍ തുറമുഖപദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടി. 21 പേര്‍ക്ക് പരിക്കേറ്റിരുന്നു. പോലീസും ജില്ലാ ഭരണാധികാരികളും സ്ഥലത്തെത്തി ചര്‍ച്ചകള്‍ നടത്തിയാണ് സംഘര്‍ഷത്തിന് അയവുവരുത്തിയത്.
വിഴിഞ്ഞം സംഘര്‍ഷത്തിൽ ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയാണ് ഒന്നാം പ്രതി. ഗൂഢാലോചന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. തുറമുഖത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഗൂഢാലോചന അടക്കം വിവിധ വകുപ്പുകളിട്ടാണ് ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയും സഹായ മെത്രാൻ ആര്‍ ക്രിസ്തുദാസും അടക്കം അമ്പതോളം വൈദികര്‍ക്ക് എതിരെ പൊലീസ് കേസെടുത്തത്.
സംഘര്‍ഷ സ്ഥലത്ത് നേരിട്ടുണ്ടായിരുന്ന വികാരി ജനറൽ ഫാദര്‍ യൂജിൻ പെരേര അടക്കമുള്ള വൈദികര്‍ക്ക് എതിരെ വധശ്രമം അടക്കം വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം രൂപയുടെ പൊതുമുതൽ നശിപ്പിച്ചതായും പൊലീസ് കണക്കാക്കുന്നു. സംഘം ചേര്‍ന്നതിനും പൊതുമുതൽ നശിപ്പിച്ചതിനും തുറമുഖത്തെ അനുകൂലിക്കുന്നവര്‍ക്കെതിരെ രണ്ട് കേസും എടുത്തിട്ടുണ്ട്. പദ്ധതി പ്രദേശത്തെ സമരപ്പന്തിലേക്ക് സംഘടിച്ചെത്തി സംഘര്‍ഷമുണ്ടാക്കിയ കണ്ടാലറിയുന്ന 1000 ത്തോളം പേരും കേസിൽ പ്രതിയാണ്.
പ്രതിപ്പട്ടികയിലെ ഒന്നു മുതൽ 15 വരെയുള്ള വൈദികർ സംഘർഷ സ്ഥലത്ത് നേരിട്ടെത്തിയവരല്ല. എന്നാൽ ഇവർ ചേർന്ന് ഗൂഢാലോചന നടത്തുകയും അതിനുശേഷം കണ്ടാലറിയാവുന്ന ആയിരത്തിലധികം പേരെ സംഘടിപ്പിച്ച് മുല്ലൂരിലെത്തുകയും സർക്കാരിന്റെയും ഹൈക്കോടതിയുടെയും നിർദേശം മറികടന്ന് സംഘർഷം സൃഷ്ടിക്കുകയും ചെയ്തെന്ന് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു. വധശ്രമം, ഗൂഡാലോചന, അന്യായമായി സംഘം ചേരൽ, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
















