തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ശനിയാഴ്ച ഉണ്ടായ സംഘർഷത്തിൽ അൻപതിലധികം വൈദികരെ പ്രതിചേർത്ത് കേസെടുത്തതിന് പിന്നാലെ അറസ്റ്റിലേക്ക് കടന്നു പൊലീസ്. വിഴിഞ്ഞം സ്വദേശി സെൽറ്റനെ അറസ്റ്റ് ചെയ്തു. വിഴിഞ്ഞം പൊലീസാണ് അറസ്റ്റ് ചെയ്തത്.
വിഴിഞ്ഞം തുറമുഖത്തെ അനുകൂലിക്കുന്നവര്‍ക്കും പൊലീസിനുമെതിരെ ആക്രമണം നടത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് അറസ്റ്റ്. സമരപ്പന്തലിലെ സ്ഥിരം സാന്നിധ്യമാണ് അറസ്റ്റിലായ സെൽറ്റൻ.
വിഴിഞ്ഞം സംഘര്‍ഷത്തിൽ ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ ആണ് ഒന്നാം പ്രതി. ഗൂഢാലോചന കുറ്റത്തിനാണ് തോമസ് ജെ നെറ്റോയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. സംഘര്‍ഷ സ്ഥലത്ത് ഉണ്ടായിരുന്ന വികാരി ജനറൽ ഫാദര്‍ യൂജിൻ പെരേര അടക്കമുള്ള വൈദികര്‍ക്കെതിരെ വധശ്രമത്തിനും പൊലീസ് കേസെടുത്തു.
അതേസമയം, വിഴിഞ്ഞം സമരത്തിലൂടെ തുറമുഖപദ്ധതിക്കുണ്ടായ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്നും ഈടാക്കാനാണ് സർക്കാർ തീരുമാനം. ആർച്ച് ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ്ഐആറിൽ പറയുന്നു. രണ്ടു ലക്ഷത്തിലേറെ രൂപയുടെ പൊതുമുതൽ നശിപ്പിച്ചതിനും കേസുണ്ട്. ലഭിച്ച പരാതിക്ക് പുറമേ പൊലീസ് സ്വമേധയായും കേസെടുത്തു.
പ്രതിപ്പട്ടികയിലെ ഒന്നു മുതൽ 15 വരെയുള്ള വൈദികർ സംഘർഷ സ്ഥലത്ത് നേരിട്ടെത്തിയവരല്ല. എന്നാൽ ഇവർ ചേർന്ന് ഗൂഢാലോചന നടത്തുകയും അതിനുശേഷം കണ്ടാലറിയാവുന്ന ആയിരത്തിലധികം പേരെ സംഘടിപ്പിച്ച് മുല്ലൂരിലെത്തുകയും സർക്കാരിന്റെയും ഹൈക്കോടതിയുടെയും നിർദേശം മറികടന്ന് സംഘർഷം സൃഷ്ടിക്കുകയും ചെയ്തെന്ന് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു. വധശ്രമം, ഗൂഡാലോചന, അന്യായമായി സംഘം ചേരൽ, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
















