കൊച്ചി: ശശി തരൂർ എംപിയുമായി ഭിന്നതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മാധ്യമങ്ങൾ സൃഷ്ടിച്ച കഥയിലെ വില്ലനായിരുന്നുതാനെന്നും അദ്ദേഹം പറഞ്ഞു. പ്രഫണൽസ് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച ലീഡേഴ്സ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഥ മെനയുമ്പോൾ നായകൻ മാത്രം പോരല്ലോ, വില്ലനും വേണമല്ലോ. ഈ കഥയിൽ താനായിരുന്നു വില്ലൻ. പരാതിയില്ല- സതീശൻ പറഞ്ഞു. തരൂരിനോട് തനിക്ക് അസൂയയുണ്ട്. തനിക്കില്ലാത്ത കഴിവുകൾ ഉള്ള ആളാണ് തരൂർ. അതിൽ അസൂയയുണ്ട്.
തിരുവനന്തപുരത്തെ പരിപാടിയിൽ തരൂരുമായി സംസാരിച്ചില്ലെന്നത് മാധ്യമ സൃഷ്ടിമാത്രമാണ്. ഹയാത്ത് ഹോട്ടൽ ഉദ്ഘാടനത്തിന് താൻ ആദ്യം കണ്ടപ്പോ തന്നെ ശശി തരൂരിനെ എണീറ്റ് നിന്നു അഭിവാദ്യം ചെയ്തതാണ്. പിന്നെ വീണ്ടും വേദിയിൽ കണ്ടപ്പോ ആദ്യം കണ്ട രീതിയിൽ സംസാരിക്കണമെങ്കിൽ താൻ അഭിനയിക്കണമെന്ന് വി ഡി സതീശൻ പറഞ്ഞു.
നേരത്തെ പ്രൊഫഷണൽ കോൺഗ്രസ് വേദിയിൽ ശശി തരൂരിനെ പുകഴ്ത്തി യുവനേതാക്കൾ രംഗത്തെത്തിയിരുന്നു. തരൂരിനെ അംഗീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് ഹൈബി ഈഡനും ഒപ്പമുള്ളവരെയല്ല എതിരാളികളെയാണ് ഫൗൾ ചെയ്യേണ്ടതെന്ന് മാത്യുകുഴൽനാടന്റെ പരോക്ഷ വിമർശനം. ഫുട്‌ബോളിൽ ഗോൾ അടിക്കുന്നവരാണ് സ്റ്റാറാകുന്നത്. പക്ഷേ ഗോളി നന്നാവണമെന്ന് മാത്യുകുഴൽനാടൻ പറഞ്ഞു.പാർട്ടിയിൽ ഗോളി പാർട്ടി പ്രവർത്തകരാണ്.മാറ്റങ്ങൾ ഉൾക്കൊണ്ട് കോൺഗ്രസ് മുന്നോട്ട് പോകണം.ഇതിനിടയിൽ ഫൗൾ ചെയ്യുന്നവരുണ്ടാവും.എതിരാളികൾക്ക് എതിരെയാണ് ഫൗൾ ചെയ്യേണ്ടത്. അല്ലാതെ കൂടെയുള്ളവരെയല്ലെന്നും കുഴൽനാടൻ പറഞ്ഞു.
അതേസമയം,ലോകം മുഴുവൻ ശശി തരൂരിന്റെ പ്രസംഗത്തിന് കാത്തിരിക്കുന്നെന്നും ഇന്ത്യയെ കുറിച്ച് സംസാരിക്കുമ്പോൾ ഗ്ലോബൽ കമ്യൂണിറ്റി പറയുന്നത് ശശി തരൂരിനെയാണെന്നും ഹൈബി ഈഡൻ പറഞ്ഞു. ശശി തരൂരിനെ അംഗീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.ശശി തരൂരിന്റെ ശേഷി കോൺഗ്രസ് ഉപയോഗിക്കണം.ശശി തരൂരിനെ ഇന്ത്യക്ക് ആവശ്യമാണെന്നും ഹൈബി പറഞ്ഞു.
















