തിരുവനന്തപുരം: വിഴിഞ്ഞത്ത് സമരാനുകൂലികളും എതിർക്കുന്നവരും തമ്മിൽ ഏറ്റുമുട്ടിയ സാഹചര്യത്തിൽ സജ്ജരായിരിക്കാൻ തിരുവനന്തപുരത്തെ പൊലീസിന് നിർദേശം. അവധിയിലുള്ള ഉദ്യോഗസ്ഥരോട് ഡ്യൂട്ടിക്കെത്താൻ നിർദേശിച്ചു. വിഴിഞ്ഞത്തിനു പുറമേ മറ്റു തീരദേശമേഖലയിലും ജാഗ്രതാ നിർദേശമുണ്ട്.
വിഴിഞ്ഞം തുറമുഖനിര്‍മ്മാണത്തിതെതിരെ ഇന്ന് വിലയ പ്രതിഷേധമാണ് അരങ്ങേറിയത്. പൊലീസുമായി സമരക്കാര്‍ ഏറ്റുമുട്ടിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലും ഏറ്റുമുട്ടലുണ്ടായി. പൊലീസിന് നിയന്ത്രിക്കാന്‍ കഴിയാത്തതരത്തിലുള്ള ആള്‍ക്കൂട്ടമാണ് സംഘര്‍ഷത്തിലുണ്ടായിരുന്നത്. പൊലീസുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. സംഭവസ്ഥലത്ത് കൂടുതല്‍ പൊലീസുകാരെ നിയോഗിച്ചു.
രാവിലെ പത്തരയോടെ തുറമുഖനിര്‍മ്മാണം പുനരാരംഭിക്കാനുള്ള നീക്കമുണ്ടായി. ടോറസ് ലോറിയില്‍ നിര്‍മ്മാണസാമഗ്രികള്‍ എത്തിച്ചപ്പോള്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരക്കാര്‍ തടയുകയായിരുന്നു. പിന്നാലെ, തുറമുഖ നിര്‍മ്മാണത്തെ അനുകൂലിക്കുന്നവര്‍ ലോറി തടയരുതെന്ന ആവശ്യവുമായി രംഗത്തെത്തി. ഇത് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു.
വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ സമരം തുടരാനാണ് ലത്തീന്‍ അതിരൂപതയുടെ തീരുമാനം. ഞായറാഴ്ച പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കും. തുടര്‍ സമരപരിപാടികളും പ്രഖ്യാപിക്കും. വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങളെ ജാഗ്രതയോടെ കാണണമെന്ന് ലത്തീന്‍ അതിരൂപതാ വികാരി ജനറാള്‍ ഫാ. യൂജിൻ പെരേര വിശ്വാസികൾക്ക് അയച്ച സർക്കുലറിൽ പറയുന്നു. വിഴിഞ്ഞം പദ്ധതി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കു തന്നെ ആഘാതം സൃഷ്ടിക്കുമെന്നും സർക്കുലറിൽ പറയുന്നു.
















