സിൻചിയാങ്: രാജ്യത്ത് വീണ്ടും കോവിഡ് വ്യാപിച്ചതിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെതിരെ പ്രതിഷേധം. സിൻചിയാങ് പ്രവിശ്യയില്‍ വൻ തീപ്പിടുത്തത്തെത്തുടർന്ന് പത്ത് പേർ മരിക്കാനിടയായതിനെ തുടർന്നാണ് പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയത്.
‘ലോക്ക്ഡൗൺ അവസാനിപ്പിക്കുക’ എന്നതടക്കമുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ജനം തെരുവിൽ പ്രതിഷേധിക്കുന്നത്. മറ്റു ചിലർ ‘അടിമകളാകാൻ വിസമ്മതിക്കുന്നവരേ, എഴുന്നേൽക്കൂ’ എന്നർഥം വരുന്ന ചൈനയുടെ ദേശീയഗാനത്തിലെ വരികൾ പാടിയും പ്രതിഷേധ രംഗത്തുണ്ട്. ലോക്ക്ഡൗണിൽ നിന്ന് തങ്ങൾക്ക് മോചനം വേണമെന്ന് ആളുകൾ ആവശ്യപ്പെടുന്നു.
വ്യാഴാഴ്‌ച രാത്രി സിൻചിയാങ്ങിലെ ഉറുംകിയിലെ ഒരു ബഹുനില കെട്ടിടത്തിലാണ് 10 പേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തമുണ്ടായത്. കർശന കോവിഡ് നിയമങ്ങൾ കാരണം കെട്ടിടത്തിലെ താമസക്കാർക്ക് താഴേക്ക് ഇറങ്ങാൻ കഴിയാതിരുന്നത് അപകടം വർധിപ്പിച്ചതായി നിരവധി പേർ ചൂണ്ടിക്കാട്ടുന്നു.
ലോക്ക്ഡൗൺ മൂലം തങ്ങൾക്ക് പുറത്തിറങ്ങാൻ സാധിക്കുന്നില്ലെന്നും തീപ്പിടിത്തത്തെ തുടർന്നുള്ള കടുത്ത പുക ശ്വസിച്ച് ഓക്സിജൻ കിട്ടാതെ തങ്ങളുടെ കുട്ടികൾ മരിക്കുകയാണെന്നും വാതിലുകൾ തുറക്കാനാവുന്നില്ലെന്നും ഉൾപ്പെടെ കെട്ടിടത്തിലെ താമസക്കാർ സഹതാമസക്കാർക്ക് അയച്ച സോഷ്യൽമീഡിയ ഓഡിയോ സന്ദേശങ്ങൾ പുറത്തുവന്നിരുന്നു.
24 മണിക്കൂറിനിടെ രാജ്യത്ത് 32,000ൽ കൂടുതൽ കോവിഡ് കേസുകളാണ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് ചൈനീസ് ആരോഗ്യ കമ്മീഷനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് ചൈന നിയന്ത്രണങ്ങൾ കടുപ്പിച്ചത്.
















