തിരുവനന്തപുരം: വിഴിഞ്ഞം സമരത്തത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ആഹ്വാനവുമായി ലത്തീൻ അതിരൂപത. സമരത്തിൽ നിന്ന് പിന്നോട്ടില്ല എന്ന ആഹ്വാനവുമായി ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ നാളെ സർക്കുലർ വായിക്കും. ഇനിയുള്ള ദിവസങ്ങളിലെ സമരക്രമവും നാളെ പ്രഖ്യാപിക്കും. തുടര്‍ സമരപരിപാടികളും പ്രഖ്യാപിക്കും. വീട് നഷ്ടപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനുള്ള സർക്കാർ നീക്കം തിരിച്ചറിയണമെന്നും സമരസമിതി പറഞ്ഞു.
വിഴിഞ്ഞത് ഇന്നും സംഘർഷാവസ്ഥയുണ്ടായി. തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമം തീരവാസികൾ തടഞ്ഞതോടെ വിഴിഞ്ഞം യുദ്ധക്കളമായി മാറുകയായിരുന്നു. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ശക്തമായ കല്ലേറും ഉണ്ടായി. നിർമ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാർ വാഹനത്തിന് മുന്നിൽ കിടന്നും പ്രതിഷേധിച്ചു.
എതിർപ്പ് ശക്തമായതോടെ നിർമാണ സാമഗ്രികളുമായി എത്തിയ ലോറികൾ പദ്ധതി പ്രദേശത്തേക്ക് കടക്കാൻ കഴിയാതെ മടങ്ങിപ്പോയി. ഒരു ലോറിയുടെ ചില്ല് സമരക്കാർ തകർത്തു. സമരപ്പന്തൽ മറികടന്ന് മുന്നോട്ട് പോകാൻ ലോറികൾക്ക് കഴിഞ്ഞില്ല. നിർമ്മാണം പുനരാരംഭിക്കാൻ അനുവദിക്കില്ലെന്ന് സമരസമിതി ആവർത്തിച്ചു.
അതേസമയം, വിഴിഞ്ഞത്ത് ചിലര്‍ മനഃപൂര്‍വം സംഘര്‍ഷം ഉണ്ടാക്കുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി ആരോപിച്ചു. “രാജ്യശ്രദ്ധ പിടിച്ചുപറ്റാനാണ് വിഴിഞ്ഞം സമരസമിതി ശ്രമിക്കുന്നത്. സമരസമിതിയില്‍ പല അഭിപ്രായമുള്ളതിനാലാണ് പ്രശ്നപരിഹാരം ഉണ്ടാകാത്തത്. രണ്ടു ദിവസമായി സമരക്കാരുമായി സംസാരിക്കാന്‍ ചീഫ് സെക്രട്ടറി ശ്രമിച്ചുവരികയാണ്.”– മന്ത്രി പറഞ്ഞു.
















