തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വിസിയുടെ പുനർനിയമനത്തിൽ മുഖ്യമന്ത്രി ഇടപെട്ടുവെന്ന മുഖ്യമന്ത്രിക്ക് എതിരായ ഹർജിയിൽ ജനുവരി ഏഴിന് വാദം കേൾക്കും. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാലയാണ് ഹർജി നൽകിയത്.
നിയമനത്തിൽ മുഖ്യമന്ത്രിയെ വിചാരണ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. വിസിയായി ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാൻ മുഖ്യമന്ത്രി ഇടപെട്ടുവെന്ന ഗവർണറുടെ വെളിപ്പെടുത്തൽ ചൂണ്ടിക്കാട്ടിയാണ് ഹർജി.
വിസി നിയമനത്തിൽ മുഖ്യമന്ത്രി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ഒരു തരത്തിലുള്ള സാമ്പത്തിക നേട്ടവും നേടിയിട്ടില്ലെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വിസി നിയമനം കോടതി തന്നെ നേരത്തേ ശരിവച്ച സാഹചര്യത്തിൽ ഇത്തരം അടിസ്ഥാന രഹിതമായ ആരോപണനങ്ങൾക്ക് എന്ത് പ്രസക്തിയാണ് ഉള്ളതെന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വാദിച്ചു.
വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറെ കാണാൻ മുഖ്യമന്ത്രി പോയത് തന്നെ അഴിമതിയാണെന്നും, മുഖ്യമന്ത്രി തന്നെ സ്വാധീനിക്കാൻ ശ്രമിച്ചതായി ഗവർണർ വെളിപ്പെടുത്തിയിട്ടുണ്ടെന്നും പരാതിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. ഹർജിയിൽ കോടതി നേരിട്ട് കേസ് എടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
















