സോളർ കേസ് പ്രതി സരിത എസ്.നായരെ ഭക്ഷണത്തിൽ പലതവണയായി രാസവസ്തു ചേർത്ത് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഡ്രൈവർ വിനു കുമാറിനു ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകി.ഫോൺ രേഖകൾ പരിശോധിക്കുന്നതോടെ സരിതയുടെ പരാതിയിൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.
സരിതയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഫോൺ രേഖകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു തുടങ്ങി. സരിത നൽകിയ പീഡനക്കേസിലെ പ്രതികളുമായി വിനു കുമാർ ഗൂഢാലോചന നടത്തി രാസവസ്തു ഭക്ഷണത്തിൽ കലർത്തിയെന്നാണ് സരിതയുടെ പരാതി.വിനു കുമാറിന്റെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും അന്വേഷണത്തിനു സഹായകരമായ വിവരങ്ങൾ ലഭിച്ചില്ല. രാസവസ്തു കഴിച്ചതിനെ തുടർന്ന് ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായെന്നും ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞെന്നും സരിത പറയുന്നു.
പരാതിക്കാരിയെ ചതിയിലൂടെ കൊലപ്പെടുത്തി സാമ്പത്തിക ലാഭം ഉണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ വിനു കുമാർ, സരിത നൽകിയ പീഡന പരാതിയിലെ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
















