ജക്കാർത്ത: ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനത്തിൽ 56 പേർ മരിച്ചു. എഴുനൂറിലധികം പേർക്ക് പരിക്കേറ്റു. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
സിയാൻജൂർ മേഖലയിലാണ് സംഭവം. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. നിരവധി ആളുകൾ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ജാവയിലെ സിയാഞ്ചുർ പ്രവിശ്യയിലായിരുന്നു ഭൂചലനം കൂടുതൽ ദുരന്തം വിതച്ചത്. ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ടതും ഈ മേഖലയിലാണ്. സിയാഞ്ചുർ നഗരം ഏതാണ്ട് തകർന്ന നിലയിലാണ്. നൂറുകണക്കിന് കെട്ടിടങ്ങൾ ഭൂചലനത്തിൽ തകർന്നതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. നഗരത്തിലെ ഒരു ആശുപത്രിയിൽ മാത്രം 20 പേർ മരിച്ചു. 300 ഓളം പേരെ പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സിയാഞ്ചുറിൽ നിന്നുള്ള സർക്കാർ വക്താവ് ഹെർമൻ സുഹെർമൻ പറഞ്ഞു.
ആശുപത്രികളും സ്‌കൂളും അടക്കമുള്ള നിരവധി കെട്ടിടങ്ങൾ ഭൂചലനത്തിൽ തകർന്നതായാണ് വിവരം. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്‌ടങ്ങൾ വീണാണ് പലർക്കും പരുക്കേറ്റത്.
















