ന്യൂഡൽഹി: ഇക്വിറ്റോറിയൽ ഗിനിയിൽ പിടിയിലായ നാവികരുടെ മോചനശ്രമം തുടരുന്നതായി കേന്ദ്രമന്ത്രി വി.മുരളീധരൻ. കപ്പൽ ഇപ്പോൾ നൈജീരിയയുടെ നിയന്ത്രണത്തിലാണ്. തുറമുഖത്തെത്തിയാൽ നാവികരെ ഉദ്യോഗസ്ഥർ സന്ദർശിക്കും. നയതന്ത്ര നീക്കങ്ങളുടെ പുരോഗതി അതിനുശേഷമേ വ്യക്തമാകൂവെന്നും മുരളീധരൻ പറഞ്ഞു.
കപ്പലിന്റെ ഉടമകളും അഭിഭാഷകരും ഇതിനോടകം നൈജീരിയയിൽ എത്തിച്ചേർന്നിട്ടുണ്ടെന്ന വിവരം ബന്ധുക്കൾക്കു ലഭിച്ചു. നൈജീരിയൻ അംബാസഡർ കപ്പലിൽ എത്തുന്നുണ്ടെന്നും സൂചനയുണ്ട്. നൈജീരിയൻ നാവികസേനയ്ക്കു കൈമാറിയ ശേഷം നാവികരുമായി ബന്ധപ്പെടാൻ ബന്ധുക്കൾക്കു സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇവരുടെ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ടെന്നാണു നിഗമനം. നാവികരെ കൊണ്ടുപോയതു നൈജീരിയയിലെ ബോണി തുറമുഖത്തേക്കാണെന്നു വിവരം ലഭിച്ചു.
കപ്പൽ ജീവനക്കാരെ നൈജീരിയയിൽ എത്തിച്ച ശേഷമാകും ഏതൊക്കെ കുറ്റങ്ങൾ ചുമത്തി വിചാരണ ചെയ്യുമെന്ന തീരുമാനം ഉണ്ടാവുക. ജീവനക്കാരെ നാട്ടിലെത്തിക്കാൻ നൈജീരിയയിലെ ഇന്ത്യൻ എംബസി മുഖേന വിദേശകാര്യ വകുപ്പ് ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. ജീവനക്കാരെ വിചാരണ ചെയ്യണമെന്ന വാശിയിലാണു നൈജീരിയൻ അധികൃതർ. ക്രൂഡ് ഓയില്‍ മോഷണം, സമുദ്രാതിര്‍ത്തി ലംഘനം തുടങ്ങിയ പരാതികളില്‍ തീര്‍പ്പുണ്ടാകട്ടെയെന്ന നിലപാടില്‍ നൈജീരിയ ഉറച്ച് നില്‍ക്കുകയാണ്.
കഴിഞ്ഞ ഓഗസ്റ്റ് 12നാണ് ഹിറോയിക് ഇഡുന്‍ എന്ന ഓയിൽ കപ്പല്‍ ദുരൂഹ സാഹചര്യത്തില്‍ ഇക്വറ്റോറിയല്‍ ഗിനി പിടികൂടിയത്. തുടർന്ന് വിദേശകാര്യമന്ത്രാലയം നയതന്ത്ര ഇടപെടലുകൾ നടത്തിയെങ്കിലും 89 ദിവസങ്ങള്‍ക്ക് ശേഷം നൈജീരിയക്ക് കൈമാറുന്നത് വരെ ഈ നീക്കങ്ങളൊന്നും വിജയം കണ്ടില്ല. അബൂജയിലെ എംബസി വഴിയും, ഹൈക്കമ്മീഷന്‍ വഴിയും പല കുറി ഇടപെടലുകള്‍ നടത്തിയെന്നാണ് മന്ത്രാലയത്തിന്‍റെ അവകാശവാദം.
















