മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത് ശിവസേന (ഉദ്ധവ് ബാലാസാഹെബ് താക്കറെ) എംഎൽഎ ആദിത്യ താക്കറെ. മഹാരാഷ്ട്രയിലെ കലംനുരിയിൽ വെള്ളിയാഴ്ച വൈകിട്ടാണ് ആദിത്യ താക്കറെ യാത്രയ്ക്കൊപ്പം ചേർന്നത്. നേതാക്കളായ അംബദാസ് ദൻവെ, സച്ചിൻ അഹിർ എന്നിവരും ഒപ്പമുണ്ടായിരുന്നു.
മഹാരാഷ്ട്രയിൽ നടക്കുന്ന മാർച്ചിൽ പങ്കെടുക്കാൻ പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയെയും ക്ഷണിച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധി നയിക്കുന്ന മാർച്ചിൽ നിരവധി പ്രമുഖ നേതാക്കൾ ഇതുവരെ പങ്കെടുത്തിട്ടുണ്ട്. 65 ാം ദിവസത്തിലേക്ക് കടന്ന ഭാരത് ജോഡൊ യാത്ര ജനപങ്കാളിത്തത്താല്‍ വിസ്മയം സൃഷ്ടിക്കുകയാണ്.
അതേസമയം, സാമ്പത്തിക കുറ്റകൃത്യക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ബിജെപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിനെ പ്രശംസിച്ച് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് എംപി രംഗത്തെത്തി. ബിജെപിയല്ല, ശിവസേനയെ പിളർത്തി മുഖ്യമന്ത്രിയായ ഏക്നാഥ് ഷിൻഡെയാണ് തൽക്കാലം പ്രധാന എതിരാളിയെന്ന സൂചന നൽകുന്നതായിരുന്നു റാവുത്തിന്റെ വാക്കുകൾ.
പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയ്ക്കൊപ്പമാണ് റാവുത്ത് വാർത്താസമ്മേളനം നടത്തിയതും. തൊട്ടടുത്ത ദിവസമാണ് ശിവസേനയുടെ യുവമുഖവും മുൻ മന്ത്രിയുമായ ആദിത്യ താക്കറെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തത്.
















