മോർബി പാലം തകർച്ചയിൽ ഗുജറാത്ത് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തിൽ സർക്കാരിനും തദ്ദേശ സ്ഥാപനങ്ങൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചു.നവംബർ 14ന് അകം വിഷയത്തിൽ വിശദീകരണം നൽകണമെന്നാണ് കോടതിയുടെ നിർദേശം നൽകിയിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് അരവിന്ദ് കുമാറിന്റെയും ജസ്റ്റിസ് അശുതോഷ് ശാസ്ത്രിയുടെയും ഡിവിഷൻ ബെഞ്ചാണ് സ്വമേധയാ കേസെടുത്ത് ഉത്തരവിറക്കിയത്. ചീഫ് സെക്രട്ടറി, സംസ്ഥാന ആഭ്യന്തര വകുപ്പ്, മുനിസിപ്പാലിറ്റി കമ്മീഷണർ, മോർബി മുനിസിപ്പാലിറ്റി, ജില്ലാ കളക്ടർ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ എന്നിവർ മുഖേന സംസ്ഥാന സർക്കാരിന് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. നവംബർ 14ന് കേസ് വീണ്ടും പരിഗണിക്കും. വിഷയത്തിൽ നവംബർ 14നകം റിപ്പോർട്ട് നൽകാനും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനോട് നിർദ്ദേശിച്ചിട്ടുണ്ട്.
ഒക്ടോബർ 30-നാണ് മോർബിയിലെ മച്ചു നദിയിലെ പാലം തകർന്ന് 100 ലധികം പേർ മരിച്ചത്. ഏഴുമാസത്തെ അറ്റകുറ്റപ്പണികൾക്കൊടുവിൽ ഒക്ടോബർ 26-നാണ് പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.