മലപ്പുറം: കേരളത്തിലെ ഏറ്റവും വലിയ മെസിയുടെ കട്ടൗട്ട് സ്ഥാപിച്ചയുടന്‍ ഒടിഞ്ഞുവീണു. എടക്കരയ്ക്കടുത്ത് മുണ്ടയിൽ അർജന്‍റീന ആരാധകർ സ്ഥാപിച്ച മെസിയുടെ കൂറ്റൻ കട്ടൗട്ട് ഒടിഞ്ഞുവീണു. 65 അടി ഉയരമുള്ള കട്ടൗട്ടാണ് സംസ്ഥാന പാതയോരത്ത് സ്ഥാപിക്കാൻ ശ്രമിച്ചത്.
എന്നാൽ അൽപസമയത്തിനകം കട്ടൗട്ട് നടുവെ ഒടിഞ്ഞ് മറിഞ്ഞു വീഴുകയായിരുന്നു. ഇതോടെ താഴെനിന്ന ആരാധകർ ഓടിമാറുന്നതും ദൃശ്യങ്ങളിൽ കാണാം. തകർന്നുവീണ കട്ടൗട്ട് പുനഃസ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ആരാധകർ. കഴിഞ്ഞ ലോകകപ്പിൽ 40 അടി ഉയരമുള്ള കട്ടൗട്ട് ഇവിടെ സ്ഥാപിച്ചിരുന്നു.
അറുപതിനായിരം രൂപ ചെലവഴിച്ച് നിര്‍മിച്ച കട്ടൗട്ട് ക്രെയിനിന്റെ സഹായത്തോടെയാകും വീണ്ടും ഉയര്‍ത്തുക.
കോഴിക്കോട് കൊടുവള്ളി പുള്ളാവൂരില്‍ കനത്ത മഴയ്ക്കിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൂറ്റന്‍ കട്ടൗട്ട് കൂടി സ്ഥാപിച്ചു. നേരത്തെ സ്ഥാപിച്ച മെസ്സിയുടേയും നെയ്മറിന്റേയും കട്ടൗട്ടുകള്‍ക്ക് സമീപത്തായാണ് റൊണാള്‍ഡോ ആരാധകര്‍ കട്ടൗട്ടുയര്‍ത്തിയത്. ഉത്സവാന്തരീക്ഷമാണ് ഇപ്പോള്‍ പ്രദേശത്ത് നിലനില്‍ക്കുന്നത്. മെസ്സിയുടേയും നെയ്മറുടേയും കട്ടൗട്ടുകളേക്കാള്‍ ഉയരമുണ്ട് റൊണാള്‍ഡോയുടെ കട്ടൗട്ടിന്. ഇതോടെ ഫുട്‌ബോള്‍ മാജിക് ത്രയം പുള്ളാവൂരില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്.
അതേസമയം, പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസ്സിയുടേയും നെയ്മറുടെയും കട്ടൗട്ടുകള്‍ തത്ക്കാലം നീക്കം ചെയ്യില്ല. കട്ടൗട്ട് സ്ഥാപിച്ച സ്ഥലം കൊടുവള്ളി നഗരസഭയ്ക്ക് കീഴിലാണ്. ലോകകപ്പ് ആരാധകര്‍ക്കൊപ്പമാന്നെന്നും നിയമപ്രശ്‌നം ഉയര്‍ന്നാല്‍ ആ ഘട്ടത്തില്‍ നിയമനടപി എടുക്കുന്നതില്‍ തീരുമാനം എടുക്കാമെന്നും കൊടുവള്ളി മുനിസിപ്പല്‍ ചെയര്‍മാന്‍ വ്യക്തമാക്കി. കട്ടൗട്ട് നീക്കുന്നത് ശരിയല്ലെന്ന് ചാത്തമംഗലം പഞ്ചായത്തും വ്യക്തമാക്കി.