അഗർത്തല: അമ്മയും സഹോദരിയുമടക്കം കുടുംബത്തിലെ നാലുപേരെ 17-കാരൻ വെട്ടിക്കൊലപ്പെടുത്തി. ത്രിപുരയിലെ ധലായ് ജില്ലയിലാണ് സംഭവം. 70 വയസ്സുള്ള മുത്തച്ഛൻ, അമ്മ (32) ഇളയ സഹോദരി (10), ബന്ധുവായ മറ്റൊരു സ്ത്രീ (42) എന്നിവരാണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രി വീട്ടുകാർ ഉറങ്ങുമ്പോൾ കോടാലികൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാൻ ഈ സമയത്ത് ഉച്ചത്തിൽ പാട്ടും വെച്ചിരുന്നു. ഇതിനുശേഷം രക്ഷപ്പെട്ട കുട്ടിയെ അടുത്തുള്ള ചന്തയിൽനിന്ന് ഞായറാഴ്ച പകൽ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പ്രേരണയായത് എന്താണെന്ന് വ്യക്തമല്ലെന്ന് വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
നാലുപേരെയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ വീടിന് പിന്നിൽ പണി നടക്കുന്ന സെപ്റ്റിക് ടാങ്കിൽ തള്ളുകയായിരുന്നു. കുട്ടിയുടെ പിതാവ് എത്തിയപ്പോഴാണ് വീട്ടിൽ മുഴുവൻ ചോര തളംകെട്ടിനിൽക്കുന്നത് കണ്ടത്. മൃതദേഹങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.
അതേസമയം, കുട്ടി ടെലിവിഷന് അടിമയായിരുന്നുവെന്നും കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന പരിപാടികൾ ആസ്വദിച്ചിരുന്നെന്നും അയൽക്കാർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. സ്വന്തം വീട്ടിൽനിന്ന് കുട്ടി മോഷണം നടത്തിയിരുന്നെന്ന് ധലായ് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഡോ. രമേശ് ചന്ദ്ര യാദവ് പറഞ്ഞു.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.