വിഴിഞ്ഞം സമരം അവസാനിപ്പിക്കാനായി ഒത്തുതീർപ്പ് ശ്രമവുമായി അദാനി ഗ്രൂപ്പ്. വീട് നഷ്‌ടപ്പെട്ടവരുടെ പുനരധിവാസത്തിനായി സിഎസ്ആർ ഫണ്ട് ഉപയോഗിക്കാമെന്ന നിർദ്ദേശം, സർക്കാർ നിയോഗിച്ച മധ്യസ്ഥരുമായുള്ള ചർച്ചയിൽ അദാനി ഗ്രൂപ്പ് മുന്നോട്ട് വച്ചു. തുറമുഖത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ വീട് നഷ്‌ടപ്പെട്ടവരുടെ പുനരധിവാസത്തിന് സിഎസ്ആർ ഫണ്ട് ഉപയോഗിക്കാമെന്ന നിർദ്ദേശമാണ് പരിഗണനയിലുള്ളത്.എന്നാൽ സമരക്കാർ അനുകൂലമായല്ല ഇതിനോട് പ്രതികരിക്കുന്നത്.
സമരക്കാരുമായി ചർച്ച നടത്താനായി സർക്കാർ നിയോഗിച്ച മധ്യസ്ഥരുമായാണ് അദാനി ഗ്രൂപ്പും ചർച്ച നടത്തിയത്. കെവി തോമസ് അടക്കം സഭയുമായി അടുപ്പമുള്ള ചില പൊതുപ്രവർത്തകരുമായാണ് ചർച്ച നടത്തിയത്. സമരം എത്രയും വേഗം അവസാനിപ്പിക്കുന്നതിനുള്ള ശ്രമം ഉണ്ടാകണമെന്നാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.
അദാനി ഗ്രൂപ്പ് മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ അനൗദ്യോഗിക ചർച്ചകളിലൂടെ സർക്കാർ ലത്തീൻ അതിരൂപതയെ അറിയിച്ചിട്ടുണ്ട്. എന്നാൽ തുറമുഖ നിർമാണം നിർത്തിവയ്ക്കുന്നത് ഉൾപ്പടെയുള്ള ഏഴ് ആവശ്യങ്ങളിലും വിട്ട് വീഴ്‌ചയില്ലെന്നാണ് രൂപതയുടെ നിലപാട്.