കണ്ണൂര്‍: തലശേരിയിൽ കാറിൽ ചാരി നിന്ന ആറ് വയസുകാരനെ ഉപദ്രവിച്ച സംഭവത്തിൽ അന്വേഷണം തലശേരി ലോക്കൽ പൊലീസിൽ നിന്നും മാറ്റി ജില്ലാ ക്രൈം ബ്രാഞ്ചിനു കൈമാറി. ക്രൈം ബ്രാഞ്ച് എസിപി കെ.വി ബാബുവിനാണ് അന്വേഷണ ചുമതല കൈമാറിയത്. കേസ് ഫയൽ അടിയന്തിരമായി കൈമാറാൻ തലശേരി എസ്.എച്ച്.ഒയ്ക്ക് നിർദേശം നൽകി. പ്രതിക്കെതിരെ കൂടുതൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തി ശക്തമായ നിയമ നടപടി ഉറപ്പാക്കാനാണ് സർക്കാരിന്റെ നിർദേശം.
ആറ് വയസുകാരനെ ഉപദ്രവിച്ച മറ്റൊരാൾ കൂടി ഇന്ന് പിടിയിലായിരുന്നു. പ്രതി മുഹമ്മദ് ഷിഹാദ്, കുട്ടിയെ ചവിട്ടിപ്പരിക്കേൽപ്പിക്കുന്നതിന് മുമ്പ് മറ്റൊരാൾ കൂടി കുട്ടിയെ ഉപദ്രവിച്ചതായി സിസിടിവിയിൽ നിന്നും വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ടാമത്തെയാളെയും പിടികൂടിയത്. ഇയാളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. പൊലീസ് കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി.
അതിനിടെ, കാറിന് ചാരിനിന്നതിന് കുട്ടിയെ ചവിട്ടിവീഴ്ത്തിയ കേസിലെ പ്രതി മുഹമ്മദ് ഷിഹാദ് കുട്ടിയുടെ തലക്കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പൊലീസ് എഫ്ഐആറിൽ, ഷിഹാദ് കുട്ടിയുടെ തലയിൽ അടിച്ചുവെന്നും കാല് കൊണ്ട് ചവിട്ടിയെന്നുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതിൽ ചവിട്ടേൽക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മറ്റൊരാളും കുട്ടിയുടെ തലക്ക് അടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
ഇന്നലെ വൈകീട്ടാണ് ദാരുണ സംഭവമുണ്ടായത്. തന്റെ കാറിൽ ചവിട്ടിയെന്നാരോപിച്ചാണ് മുഹമ്മദ് ഷിനാദ് എന്ന പൊന്ന്യം സ്വദേശിയായ യുവാവ്, രാജസ്ഥാൻ സ്വദേശികളായ നാടോടി കുടുംബത്തിലെ ആറ് വയസുകാരനായ ഗണേഷ് എന്ന കുഞ്ഞിനെ ചവിട്ടിത്തെറിപ്പിച്ചത്. കുട്ടിക്കെതിരെ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.