കോഴിക്കോട്: കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച മെസ്സിയുടേയും നെയ്മറിന്റേയും കട്ടൗട്ടുകള്‍ നീക്കം ചെയ്യാന്‍ ചാത്തമംഗലം പഞ്ചായത്ത് സെക്രട്ടറിയുടെ നിര്‍ദേശം. അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയുമെന്ന പരാതിയിലാണ് പഞ്ചായത്ത് മെസ്സിയുടേയും നെയ്മറിന്റേയും വൈറല്‍ കട്ടൗട്ടുകള്‍ നീക്കാനൊരുങ്ങുന്നത്.
കഴിഞ്ഞ ആഴ്ചയാണ് കോഴിക്കോട് പുളളാവൂര്‍ പുഴയില്‍ ലോകകപ്പ് ആവേശം നിറച്ച് കാല്‍പ്പന്താരാധകര്‍ മെസ്സിയുടെ ഭീമന്‍ കട്ടൗട്ട് സ്ഥാപിച്ചത്. കട്ടൗട്ടുകള്‍ മത്സരിച്ച് സ്ഥാപിച്ച അര്‍ജന്‍റീന – ബ്രസീല്‍ ആരാധകര്‍ക്ക് വന്‍ ഞെട്ടലാണ് ഈ തീരുമാനം ഉണ്ടാക്കിയിരിക്കുന്നത്. ഫാന്‍സ് അസോസിയേഷനുകള്‍ ഇത് നീക്കിയില്ലെങ്കില്‍ പഞ്ചായത്ത് തന്നെ ഇവ നീക്കം ചെയ്യുമെന്നാണ് മുന്നറിയിപ്പ്. പഞ്ചായത്തിന്‍റെ തീരുമാനം സങ്കടകരമെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. നാടാകെ ലോകകപ്പില്‍ ആവേശം തുളുമ്പി നില്‍ക്കുന്ന ഈ സമയത്ത് ഇങ്ങനെയൊരു തീരുമാനം പ്രതീക്ഷിച്ചിരുന്നില്ല.
അർജന്റീനൻ താരം ലയണൽ മെസിയുടെയും ബ്രസീൽ താരം നെയ്മറുടെയും പുഴയിലെ ഫ്ലക്സ് ബോർഡുകൾ രാജ്യാന്തര തലത്തിൽ വരെ ചർച്ചയായിരുന്നു. മെസിയുടെ കൂറ്റൻ കട്ടൗട്ട് ചെറുപുഴയിൽ ഉയർന്നതായിരുന്നു ആദ്യ സംഭവം. തുടർന്ന് ഇതേ സ്ഥലത്ത് അതിനേക്കാൾ തലപ്പൊക്കത്തിൽ ബ്രസീൽ ആരാധകർ നെയ്‌മറുടെ കട്ടൗട്ട് സ്ഥാപിച്ചു. ലൈറ്റടക്കം സ്ഥാപിച്ചായികുന്നു കട്ടൗട്ട് ഉയർത്തിയത്. മെസിയുടെ കട്ടൗട്ട് 30 അടിയാണെങ്കിൽ നെയ്മറുടേതിന് 40 അടിയാണ് ഉയരം. ഇതിന് പിന്നാലെ ഇന്നലെ കോഴിക്കോടും ഇന്നലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ട് ഔട്ടും ഉയർന്നിരുന്നു.