തമിഴ്നാട്ടില്‍ നവംബര്‍ ആറിന് നടത്താനിരുന്ന റൂട്ട് മാര്‍ച്ച് റദ്ദാക്കിയതായി ആര്‍.എസ്.എസ്. നിബന്ധനകളോടെ റാലിക്ക് അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി തീരുമാനത്തില്‍ എതിര്‍പ്പുന്നയിച്ചാണ് ആര്‍എസ്എസ് പരിപാടികള്‍ റദ്ദാക്കിയത്. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കള്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തിയ യോഗത്തിനു ശേഷമാണ് അറിയിപ്പ്.
അടച്ചിട്ട സ്റ്റേഡിയങ്ങള്‍ക്കുള്ളില്‍ മാത്രമേ റാലികള്‍ നടത്താവൂ എന്ന നവംബര്‍ 4 ലെ കോടതി വിധി സ്വീകാര്യമല്ലെന്നാണ് ആര്‍എസ്എസ് ദക്ഷിണമേഖലാ അധ്യക്ഷന്‍ പറഞ്ഞത്. 60ല്‍ 44 ഇടങ്ങളില്‍ ആര്‍എസ്എസ് റാലി നടത്താന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. എന്നാല്‍ അടച്ചിട്ട സ്റ്റേഡിയത്തിലോ ഗ്രൗണ്ടിലോ ഉള്ള റാലികള്‍ക്ക് മാത്രമേ കോടതി അനുമതി നല്‍കിയിട്ടുള്ളൂ. ഇതിനെതിരെ അപ്പീല്‍ നല്‍കുമെന്നും ആര്‍എസ്എസ് ദക്ഷിണമേഖലാ അധ്യക്ഷന്‍ പറഞ്ഞു.
സാഹചര്യം മോശമായതിനാല്‍ ആറ് സ്ഥലങ്ങളില്‍ ആര്‍എസ്എസിന് റൂട്ട് മാര്‍ച്ച് നടത്താന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചിരുന്നു. കോയമ്പത്തൂര്‍, മേട്ടുപ്പാളയം, പൊള്ളാച്ചി, തിരുപ്പൂര്‍ ജില്ലയിലെ പല്ലടം, കന്യാകുമാരിയിലെ അരുമനൈ, നാഗര്‍കോവില്‍ എന്നിവിടങ്ങളിലെ റാലികള്‍ക്കാണ് അനുമതി നിഷേധിച്ചത്.