കൊച്ചി: രാജ്യത്ത് ഇന്ധന വില ഉയരാൻ സാധ്യത ഇല്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. എന്നാൽ ഓയിൽ കമ്പനികളുടെ നഷ്ടം നികത്താനുള്ള നടപടികൾ ഉറപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ സംഘടിപ്പിച്ച പതിനഞ്ചാമത് അർബൻ മൊബിലിറ്റി ഇന്ത്യ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി.
മൂന്ന് ദിവസം നീളുന്ന അർബൻ മൊബിലിറ്റി ഇന്ത്യ സമ്മേളനം കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ മുഖ്യമന്ത്രി ഓൺലൈനായാണ് പങ്കെടുത്തത്. രാജ്യത്തെ നഗരങ്ങളിൽ ഉന്നത നിലവാരമുള്ളതും സുസ്ഥിരവുമായ പൊതുഗതാഗത സംവിധാനങ്ങൾ രൂപപ്പെടുത്തുകയും നടപ്പിലാക്കുകയുമാണ് സമ്മേളനത്തിന്‍റെ ലക്ഷ്യം.
കൊച്ചി മൂന്നാം ഘട്ടം എയർപോർട്ട് പാതയ്ക്കുള്ള സാധ്യത സംസ്ഥാന സർക്കാരിൽ നിന്ന് നിർദ്ദേശം ലഭിച്ച ശേഷം ആലോചിക്കാമെന്നും ഹർദീക് സിംഗ് പുരി പറഞ്ഞു. സ്മാർട്ട് സിറ്റിയായി 2015 മുതൽ തുടരുന്ന കൊച്ചിയിൽ 691 കോടി രൂപ 27 പദ്ധതികളിലായി ചിലവാക്കിയെന്നും മന്ത്രി പറഞ്ഞു. 25 വർഷത്തിനുള്ളിൽ രാജ്യത്തെ നഗര പൊതുഗതാഗതം ലോകത്തെ ഒന്നാമതാക്കുമെന്നും കൊച്ചിയിൽ ഉടൻ നടപ്പാക്കുന്ന വാട്ടർ മെട്രോ അഭിനന്ദനാർഹമായ പദ്ധതിയാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
രാജ്യത്തെ നഗര പൊതുഗതാഗതം വരുന്ന 25 വർഷത്തിനുള്ളിൽ ലോകത്തെ തന്നെ ഒന്നാമതാക്കി മാറ്റാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം. രാജ്യത്തെ സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാർഷികമായ 2047ൽ ഒന്നാമത്തെത്തിക്കാനുള്ള പരിശ്രമത്തിലാണ് കേന്ദ്രസർക്കാരെന്നും ഹർദീക് സിംഗ് പുരി പറഞ്ഞു.