തിരുവനന്തപുരം: ഷാരോൺ വധകേസിൽ പ്രതി ഗ്രീഷ്മ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ. 7 ദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചപ്പോൾ പ്രതിഭാഗം ശക്തമായി എതിർത്തു. മറ്റ് പ്രതികളെ 5 ദിവസത്തേക്കല്ലേ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത് എന്ന് കോടതിയും ചോദിച്ചു. ഗ്രീഷ്മയാണ് മുഖ്യപ്രതി എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
ഷാരോണും ഗ്രീഷ്മയും തമിഴ്നാട്ടിൽ പലയിടത്തും പോയിട്ടുണ്ടെന്നും അവിടെ കൊണ്ടുപോയി തെളിവെടുക്കാൻ 7 ദിവസം വേണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഗ്രീഷ്മയ്ക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. പാറശ്ശാല പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വിഷം കൊടുത്തു കൊന്നു എന്ന എഫ്ഐആർ പോലും പൊലീസിന്റെ പക്കലില്ല എന്ന് ഗ്രീഷ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഗൂഢാലോചന ഉണ്ടായിട്ടില്ല. ഇല്ലാത്ത തെളിവുകൾ സൃഷ്ടിക്കാനാണ് ശ്രമം. മുറിക്കുള്ളിൽ എന്താണ് സംഭവിച്ചത് എന്ന് ആർക്കുമറിയില്ല.
വിഷം കൊണ്ടുവന്നത് ഷാരോൺ ആയിക്കൂടെ എന്നും പ്രതിഭാഗം ചോദിച്ചു. ഷാരോണിന്റെ മരണമൊഴിയിൽ ഗ്രീഷ്മയെ കുറിച്ചൊന്നും പറയുന്നില്ല എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങൾ ഷാരോണിന്റെ പക്കലുണ്ടായിരുന്നു.ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോണാണ്. അതേക്കുറിച്ചും അന്വേഷണം വേണം. ഗ്രീഷ്മയുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു.