ഹൈദരാബാദ്: ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കെതിരെ ഗുരുതര ആരോപണവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു. ബിജെപിക്ക് വേണ്ടി ടിആർഎസ് എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ തുഷാർ വെള്ളാപ്പള്ളി ശ്രമിച്ചെന്നാണ് ആരോപണം.
സർക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവൻ ഓപ്പറേഷന്റെയും ചുമതല തുഷാർ വെള്ളാപ്പള്ളിക്കായിരുന്നുവെന്നാണ് തെലങ്കാന മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ ആരോപിച്ചത്. കേസിൽ അറസ്റ്റിലായ മൂന്ന് ഏജൻ്റുമാരും തുഷാറിറെ ബന്ധപ്പെട്ടതിന്റെ ഫോൺവിവരങ്ങളും അദ്ദേഹം പുറത്തുവിട്ടു.
എംഎൽഎമാരെ സ്വാധീനിക്കാൻ പണവുമായി എത്തിയ മൂന്ന് ഏജന്റുമാരെ കഴഞ്ഞ ദിവസമാണ് തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തത്. ഒരു എംഎൽഎക്ക് നൂറുകോടി എന്നതായിരുന്നു വാഗ്ദാനം. ഇങ്ങനെ എംഎൽഎമാർക്ക് പണം നല്കുന്നതിന്റ ദൃശ്യങ്ങളാണ് ചന്ദ്രശേഖര റാവു ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
തുഷാർ, അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണെന്നും കെസിആര്‍ ആരോപിച്ചു. 100 കോടിയാണ് സര്‍ക്കാരിനെ അട്ടിമറിക്കാൻ തുഷാര്‍ വാഗ്ദാനം ചെയ്തത്. ഇതിന്റെ കൃതമായ തെളിവുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാല് സർക്കാരുകളെ അട്ടിമറിക്കാനായിരുന്നു ഇത്തവണത്തെ പദ്ധതി. തെലങ്കാനക്ക് പുറമെ ആന്ധ്ര പ്രദേശ്, ദില്ലി, രാജസ്ഥാൻ സർക്കാരുകളെ കൂടി വീഴ്ത്താനായിരുന്നു പദ്ധതിയിട്ടത്. ഏജൻറുമാർ ടിആർ എസ് എംഎൽഎമാരോട് ഇക്കാര്യം വെളിപ്പെടുത്തുന്ന വീഡിയോയും കെസിആര്‍ പുറത്തുവിട്ടു. ഇതുവരെ എട്ട് സർക്കാരുകളെ വീഴ്ത്തിയെന്ന് ഏജൻറുമാർ വെളിപ്പെടുന്ന വീഡിയോയും പുറത്തുവന്നു. എല്ലാ ഓപ്പറേഷനുകൾക്ക് പിന്നിലും ഒരേ ടീമാണ്. തുഷാറിന്റെ നിർദേശപ്രകാരമാണ് ഇവര്‍ പ്രവർത്തിച്ചതെന്നും തെലങ്കാന മുഖ്യമന്ത്രി തുറന്നടിച്ചു. നിലവിൽ കേരള എൻഡിഎ കൺവീനറാണ് തുഷാര്‍. എന്നാൽ ഉയര്‍ന്ന ആരോപണത്തോട് പ്രതികരിക്കാൻ തുഷാര്‍ തയ്യാറായില്ല.