ന്യൂഡല്‍ഹി: അന്തരീക്ഷവായുവിന്‍റെ ഗുണനിലവാരം ഗുരുതര നിലയിലായ സാഹചര്യത്തില്‍ ഡീസലിലോടുന്ന ചെറിയ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് പിന്‍വലിക്കാന്‍ ശുപാർശ നല്‍കി എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് കമ്മീഷന്‍. ഡല്‍ഹിയിലും തലസ്ഥാന മേഖലയിലെ മറ്റു നഗരങ്ങളിലുമാണ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ പ്രതിദിന വായുഗുണനിലവാരം 450 എന്ന അപകടകരമായ നിലയില്‍ തുടരുകയാണ്.
വായുമലിനീകരണം കുറച്ചുകൊണ്ടുവരുന്നതിനുള്ള കർമപദ്ധതിയുടെ അവസാനഘട്ടമെന്ന നിലയിലാണ് പുതിയ തീരുമാനം. ചെറിയ വാഹനങ്ങള്‍ക്ക് പുറമേ ട്രക്കുകള്‍ക്കും തലസ്ഥാനനഗരിയില്‍ കയറുന്നതിന് വിലക്കുണ്ട്. ബി.എസ് 4 വാഹനങ്ങളെയും അടിയന്തരാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വാഹനങ്ങളെയും നിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയേക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും അത്യാവശ്യമല്ലാത്ത വാണിജ്യസ്ഥാപനങ്ങളുടെയും പ്രവർത്തനം നിര്‍ത്തിവയ്ക്കാനും ഒറ്റയക്ക-ഇരട്ടയക്ക നമ്പറുകളുടെ അടിസ്ഥാനത്തില്‍ വാഹനഗതാഗതം നിയന്ത്രിക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.