ന്യൂഡല്‍ഹി: ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയുടെ ഇന്ത്യ മേധാവി അജിത് മോഹന്‍ രാജിവച്ചു. കമ്പനിക്ക് പുറത്ത് മറ്റൊരു അവസരത്തിനായി രാജിവെച്ചുവെന്നാണ് മെറ്റ അറിയിച്ചത്. മറ്റൊരു സാമൂഹിക മാധ്യമസ്ഥാപനമായ സ്നാപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് അജിതിന്റെ രാജിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
2019 ജനുവരിയിലാണ് അജിത് മോഹൻ ഫേസ്ബുക്ക് ഇന്ത്യ മാനേജിംഗ് ഡയറക്ടറായി ജോലിയിൽ പ്രവേശിച്ചത്. മെറ്റയ്ക്ക് മുൻപ് സ്റ്റാർ ഇന്ത്യയുടെ വീഡിയോ സ്ട്രീമിംഗ് സേവനമായ ഹോട്ട്സ്റ്റാറിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മോഹൻ നാല് വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അജിത്തിന്റെ കാലത്താണ് മെറ്റയുടെ സാമൂഹിക മാധ്യമങ്ങളായ വാട്സ്ആപ്പും ഇന്‍സ്റ്റഗ്രാമും ഉപയോക്താക്കളുടെ എണ്ണത്തില്‍ 20 കോടി പിന്നിട്ടത്.
ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ബിസിനസുകള്‍ക്കും പങ്കാളികള്‍ക്കും സേവനമനുഷ്ഠിക്കാന്‍ കഴിയുന്ന തരത്തില്‍ മെറ്റയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതിലും വളര്‍ത്തുന്നതിലും അജിത് പ്രധാനപങ്കു വഹിച്ചിട്ടുണ്ടെന്ന് മെറ്റയുടെ വൈസ് പ്രസിഡന്റ് നിക്കോള മാന്ഡല്സന് പറഞ്ഞു.
മെറ്റയുടെ പാര്‍ട്ണര്‍ഷിപ്പ് വിഭാഗം തലവനും ഡയറക്ടറുമായ മനീഷ് ചോപ്ര ഇടക്കാല മാനേജിങ് ഡയറക്ടറാവും.