വിഴിഞ്ഞം തുറമുഖത്തിനെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിൽ പൊലീസ് നടപടികൾ എടുത്തു കഴിഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന 100-ാം ദിവസത്തെ സമരം അക്രമാസക്തമായതിനു പിന്നാലെയാണ് പോലീസ് കടുത്ത നടപടികളിലേക്ക് തിരിഞ്ഞത്.തുറമുഖ വിരുദ്ധ സമരത്തിൽ ഇതുവരെ 102 പേർക്കെതിരെ കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്‌തു. പൊതുമുതൽ നശിപ്പിക്കുക, സംഘം ചേരൽ, സഞ്ചാര സ്വാതന്ത്ര്യം തടയുക, പൊലീസിൻ്റെ ഡ്യൂട്ടി തടസപ്പെടുത്തുക, മാധ്യമ പ്രവർത്തകരെ മർദ്ദിക്കുക തുടങ്ങിയ നിരവധി വകുപ്പുകൾ ചേർത്താണ് കേസ്.
കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെയും പൊലീസ് കേസെടുത്തു. സമരസ്ഥലത്ത് ആളെയെത്തിച്ച നിരവധി വാഹനങ്ങൾക്ക് എതിരെയും പൊലീസ് കേസെടുത്ത് നോട്ടീസ് നൽകിത്തുടങ്ങി. പൊലീസ് കടുത്ത നടപടികൾ ആരംഭിച്ചതോടെ പ്രതിഷേധത്തിൽ അയവു വന്നിട്ടുണ്ടെന്നാണ് സൂചനകൾ. ഇതിനിടെ വിഴിഞ്ഞത്ത് ബലപ്രയോഗം പറ്റില്ലെന്ന് വ്യക്തമാക്കി പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചു.