കൊച്ചി: എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷത്തെ തുടർന്ന് എറണാകുളം മഹാരാജാസ് കോളജ് അടച്ചിടും. അനിശ്ചിതകാലത്തേയ്ക്ക് കോളജ് അടച്ചിടാനാണ് കൗണ്‍സിൽ തീരുമാനം. സർവകക്ഷി യോഗം വിളിക്കാനും തീരുമാനമുണ്ട്.
ഇന്ന് എസ്എഫ്ഐ–കെഎസ്യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കോളജിലെ രണ്ട് വിദ്യാര്‍ഥിനികളുടെ പരാതിയിന്മേലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
ഇന്നലെ തുടങ്ങിയ പ്രശ്നങ്ങൾ ഇന്നു വൈകിട്ടോടെയാണ് വഷളായത്. കോളജിനു സമീപമുള്ള ജനറൽ ആശുപത്രിക്കു മുന്നിലും സംഘർഷം നടന്നു. പൊലീസ് സംഭവസ്ഥലത്തെത്തി പരുക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയിലേക്കു മാറ്റി.
കോളജിലെ രണ്ട് വിദ്യാര്‍ഥിനികളോട് അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് നല്കിയ പരാതിയെ തുടര്‍ന്ന് കെഎസ്യു പ്രവര്‍ത്തകനായ മാലികും എസ്എഫ്ഐ പ്രവര്ത്തകന് അമീന് അന്‍സാരിയും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതാണ് വലിയ അടിപിടിയിലേക്ക് നയിച്ചത്.
സംസ്‌കൃത സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. എം.വി. നാരായണനും ബാലചന്ദ്രൻ ചുള്ളിക്കാടിനും നൽകാനിരുന്ന സ്വീകരണം തത്കാലം മാറ്റിവച്ചതായി മഹാരാജാസ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ പ്രസിഡന്റ് സി ഐ സി സി ജയചന്ദ്രൻ അറിയിച്ചു. ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷനും ഇംഗ്ലീഷ് വിഭാഗവും ചേർന്നായിരുന്നു സ്വീകരണ പരിപാടി ഒരുക്കിയിരുന്നത്.