തിരുവനന്തപുരം: വിഴിഞ്ഞം സമരം രാജ്യവിരുദ്ധമെന്ന് മന്ത്രി അബ്ദുറഹിമാൻ. തുറമുഖ നിർമ്മാണം നിർത്തിവെക്കുകയെന്നത് രാജ്യത്തെ ബാധിക്കുന്ന പ്രശ്നമാണ്. ഒരു സർക്കാരിനും അത്തരമൊരു കാര്യം ആവശ്യപ്പെടാനാകില്ല. രാജ്യ താത്പര്യത്തെ എതിർക്കുന്ന സമരം പാടില്ല. വിഴിഞ്ഞം തുറമുഖത്തിന് അനന്ത സാധ്യതകളാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി ഇതിനോടകം കോടിക്കണക്കിന് രൂപ മുടക്കിക്കഴിഞ്ഞു. ഇതിന് ആര് സമാധാനം പറയും? സമരക്കാർ സമരത്തിൽ നിന്ന് പിന്മാറണമെന്നാണ് അഭ്യർത്ഥിക്കാനുള്ളത്. കോടതിയിൽ നിന്ന് അന്തിമ വിധി വന്നാൽ അതിനനുസരിച്ച് നടപടിയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനുള്ള കാര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം മുട്ടത്തറയിൽ മാത്രം 300 വീടുകൾ ഇതിന്റെ ഭാഗമായി നിർമ്മിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്‌ബോൾ പരിശീലനം നൽകും. സംസ്ഥാനത്ത് പുതിയ കായിക നയം അടുത്ത മാസം മുതൽ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
”വൺ മില്യൺ ഗോൾ പദ്ധതി ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന പരിപാടിയാണ്. സന്തോഷ് ട്രോഫി താരങ്ങൾ കുട്ടികൾക്ക് പരിശീലനം നടത്തും. അതാത് ജില്ലയിൽ അവർ അംബാസിഡർമാരാകും. കുട്ടികളുടെ പരിശീലനം നവംബർ 11ന് തുടങ്ങും. മുഖ്യമന്ത്രി സംസ്ഥാന തല ഉദ്ഘാടനം ചെയ്യും. 1000 പരിശീലന കേന്ദ്രമായിരിക്കും സംസ്ഥാനത്ത്, സ്‌പോർട്‌സ് കൗൺസിലിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുമാണ് ചുമതല”. മന്ത്രി പറഞ്ഞു.