കൊച്ചി: യുഎഇ റാസല്‍ഖൈമയില്‍ ബിസിനസ് അവസരങ്ങള്‍ കണ്ടെത്തുന്നതിന് കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ക്ക് സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ റാസല്‍ഖൈമ സര്‍ക്കാരിന്റെ ബിസിനസ്, വ്യാവസായിക ഹബ്ബായ റാസല്‍ഖൈമ ഇക്കണോമിക് സോണ്‍ (റാക്കേസ്) സംഘടിപ്പിച്ച ബിസിനസ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ സംസ്ഥാനത്തെ 150-ലേറെ സംരംഭകര്‍ പങ്കെടുത്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, വിവിധ വ്യാവസായിക സംഘടനകള്‍, ചാനല്‍ ഐ ആം ഡോട്ട് കോം എന്നിവയുടെ സഹകരണത്തോടെ കളമശേരി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇന്റഗ്രേറ്റഡ് കോംപ്ലക്‌സില്‍ രണ്ട് ദിവസങ്ങളിലായി നടന്ന എക്സ്ചേഞ്ച് പ്രോഗ്രാമില്‍ റാക്കേസ് പ്രതിനിധി സംഘം ഇക്കണോമിക് സോണില്‍ ലഭ്യമായ വിപുലമായ ബിസിനസ് അവസരങ്ങളെക്കുറിച്ച് വിശദീകരിച്ചു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കിന്‍ഫ്ര, മേക്കര്‍ വില്ലേജ്, ബയോനെസ്റ്റ്, ആഗ്രോപാര്‍ക്ക്, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഓണ്‍ട്രപ്രിണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് (കെഐഇഡി), ടൈകേരള, ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ്, വേള്‍ഡ് ട്രേഡ് സെന്റര്‍- കൊച്ചി, ഐഐഐടി-എംകെ, ഫിക്കി തുടങ്ങിയ പങ്കാളികളുടെ പ്രതിനിധികളുമായും സംഘം ചര്‍ച്ച നടത്തി.
കൊച്ചി സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് റാക്കേസ് ഗ്രൂപ്പ് സിഇഒ റാമി ജലാദ് പറഞ്ഞു. യുഎഇയിലേക്ക് ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെയും പുതിയ സംരംഭം ആരംഭിക്കുന്നതിന്റെയും വിവിധ വശങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന വിവിധ മേഖലകളില്‍ നിന്നുള്ള നൂറിലേറെ സംരംഭകരുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞത് പ്രചോദനാത്മകമായിരുന്നു. ബിസിനസ് എക്‌സ്‌ചേഞ്ച് പ്രോഗ്രാമില്‍ പങ്കെടുത്ത റാസ് അല്‍ ഖൈമയിലെ ബിസിനസ് സാധ്യതകള്‍ ആരായാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ ഉള്‍കൊള്ളുന്ന കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണെന്നും റാമി ജലാദ് അറിയിച്ചു.
അശോക് ലെയ്‌ലാന്‍ഡ്, ഡാബര്‍, മഹിന്ദ്ര തുടങ്ങി വിവിധ മേഖലകളിലുള്ള 4000-ത്തോളം ഇന്ത്യന്‍ കമ്പനികള്‍ നിലവില്‍ റാക്കേസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംരംഭകര്‍ക്ക് വെറും 2.8 ലക്ഷം രൂപയുടെ മുതല്‍മുടക്കില്‍ ഓഫീസ് സ്ഥാപിക്കാനും യുഎഇയിലെ വിപണിസാധ്യതകള്‍ പ്രയോജനപ്പെടുത്താനുമുള്ള അവസരം ഇക്കണോമിക് സോണ്‍ ഒരുക്കുന്നുണ്ട്. കോവര്‍ക്കിങ് സ്‌പേസ്, ഓഫീസ്, വെയര്‍ഹൗസ് തുടങ്ങിയ സൗകര്യങ്ങള്‍ക്ക് പുറമേ ആവശ്യമുള്ളവര്‍ക്ക് ഭൂമിയും റാക്കേസ് ലഭ്യമാക്കുന്നു. ഇവിടെ ബിസിനസ് സ്ഥാപിക്കുന്നതിനുള്ള മുടക്കുമുതല്‍ യുഎഇയിലെ മറ്റ് പ്രദേശങ്ങളിലേതിനെക്കാള്‍ 40% കുറവാണ്.
നിക്ഷേപകര്‍ക്ക് ഫ്രീസോണ്‍, നോണ്‍ ഫ്രീസോണ്‍ തെരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെ ഏകജാലക സംവിധാനത്തില്‍ വേഗത്തിലും ലളിതവുമായ പ്രക്രിയകളിലൂടെയുള്ള സമഗ്ര സേവനങ്ങള്‍ റാക്കേസ് ലഭ്യമാക്കുന്നു. ഇന്ത്യന്‍ കമ്പനികള്‍ക്ക് മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക (മെന) എന്നിവിടങ്ങളിലെ വിപണികളിലേക്ക് ബിസിനസ് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സഹായകമായ ഉചിത സ്ഥലം റാക്കേസ് ലഭ്യമാക്കുന്നു. പ്രവര്‍ത്തന കാലയളവിലുടനീളമുള്ള സഹായ സേവനങ്ങള്‍ക്ക് പുറമേ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള വിസ, ജീവനക്കാരുടെ റിക്രൂട്ട്‌മെന്റ്, ഉത്പന്ന സംഭരണം, ബിസിനസ് ബാങ്ക് അക്കൗണ്ട് തുറക്കല്‍, അക്കൗണ്ടിങ്, ബുക് കീപ്പിങ്, വാറ്റ് രജിസ്‌ട്രേഷനും ഫൈലിങ്ങും ഉള്‍പ്പെടെയുള്ള സേവനങ്ങളും ലഭ്യമാക്കുന്നുവെന്ന് റാമി ജലാദ് കൂട്ടിച്ചേര്‍ത്തു.
റാക്കേസില്‍ നിക്ഷേപിക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് 100% ഉടമസ്ഥാവകാശത്തിന് പുറമേ ലാഭം പൂര്‍ണമായും നാട്ടിലേക്ക് കൊണ്ടുപോകാനുമുള്ള അവസരമുണ്ട്. യുഎഇയിലെ രാജ്യാന്തര ബിസിനസ് സമൂഹത്തിന്റെ ഭാഗമാകാനും അതിലൂടെ പ്രാദേശിക വിപണിയിലേക്ക് എളുപ്പത്തില്‍ കടക്കാനും അവര്‍ക്ക് അവസരമുണ്ടാകും.