പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയ ഉത്തരവ് മരവിപ്പിച്ച് സർക്കാർ. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇടത് യുവജനസംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയര്‍ത്തിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ തീരുമാനം. ഇക്കാര്യത്തില്‍ ഇനി തുടര്‍നടപടികള്‍ വേണ്ടെന്നാണ് തീരുമാനം.
നിലവില്‍ വിരമിച്ചവര്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ലെന്നും അറിയിച്ചിരുന്നു. കൂടാതെ പെന്‍ഷന്‍ പ്രായം കൂട്ടുന്നത് പ്രത്യേകമായി പഠിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. വിവിധ സര്‍വ്വീസ് സംഘടനകള്‍ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍ പ്രായം കൂട്ടണമെന്ന ആവശ്യം ഉയര്‍ത്തിയതിന് പിന്നാലെയായിരുന്നു ഈ ഉത്തരവ്.
2017 ല്‍ രൂപീകരിച്ച വിദഗ്ധ സമിതിയായ റിയാബ് (പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിങ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് ) റിപ്പോര്‍ട്ട് കഴിഞ്ഞ ഏപ്രില്‍ 22 ന് മന്ത്രിസഭാ യോഗം പരിഗണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവിറങ്ങിയത്.
കെഎസ്ആര്‍ടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി എന്നിവ ഒഴികെ 122 സ്ഥാപനങ്ങളിലും ആറ് ധനകാര്യ കോർപ്പറേഷനുകളിലുമാണ് പെൻഷൻ പ്രായം ഏകീകരിച്ചത് അറുപത് വയസാക്കിയത്. 29ന് ധനവകുപ്പ് ഇറക്കിയ ഉത്തരവ് പ്രകാരം ഒന്നരലക്ഷം പേര്‍ക്കാണ് ആനുകൂല്യം ലഭിക്കേണ്ടിയിരുന്നത്.