ജയ്പൂർ: മഹാത്മാ ഗാന്ധിയുടെ രാജ്യത്തെ നയിക്കുന്നതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആഗോള തലത്തിൽ ബഹുമാനം ലഭിക്കുന്നതെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. രാജസ്ഥാനിൽ മോദിക്കൊപ്പം ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിദേശരാജ്യങ്ങളില്‍ പോകുമ്പോള്‍ വലിയ ആദരമാണ് പ്രധാനമന്ത്രിക്ക് ലഭിക്കുന്നത്. കാരണം അദ്ദേഹം ഗാന്ധിജിയുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ജനാധിപത്യം ആഴത്തില്‍ വേരോടുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിയായതിനാലാണ് അദ്ദേഹത്തിന് ഈ ആദരവ് ലഭിക്കുന്നത്. ഇത് തിരിച്ചറിയുമ്പോള്‍, അത്തരമൊരു രാജ്യത്തിന്റെ പ്രധാനമന്ത്രി തങ്ങളുടെ രാജ്യത്തേക്ക് വരുന്നതിന്റെ അഭിമാനമാണ് അവര്‍ക്കുണ്ടാവുന്നത്’- ഗഹലോത് പറഞ്ഞു.
കോളജുകളും സർവകലാശാലകളും തുറക്കുന്നത് മുതൽ ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ഒരുക്കുന്നത് വരെ തന്റെ സർക്കാർ ആദിവാസികൾക്കായി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ചിരഞ്ജീവി ആരോഗ്യ പദ്ധതി താങ്കൾ പരിശോധിക്കണമെന്നും രാജ്യത്തുടനീളം ഇത് നടപ്പിലാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്നാണ് ഞാൻ വിശ്വസിക്കുന്നതെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.
അതേസമയം, ഗഹലോതും താനും മുഖ്യമന്ത്രിയെന്ന നിലയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നതായി പ്രധാനമന്ത്രി ഓര്‍ത്തെടുത്തു. ‘ഞങ്ങളില്‍ സീനിയറായിരുന്നു അദ്ദേഹം. വേദിയില്‍ ഇരിക്കുന്നവരില്‍ ഏറ്റവും മുതിര്‍ന്ന മുഖ്യമന്ത്രിയും അദ്ദേഹമാണ്.’- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും വേദിയിലുണ്ടായിരുന്നു.