തിരുവനന്തപുരം: മ്യൂസിയം പരിസരത്തെ ലൈംഗികാതിക്രമ കേസിൽ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവർ കസ്റ്റഡിയിൽ. മലയൻകീഴ് സ്വദേശിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്.
ബുധനാഴ്ച പുലർച്ചെ 4.40ഓടെയാണ് യുവതിക്കെതിരെ ലൈംഗികാതിക്രമം നടന്നത്. കാറിലെത്തിയ പ്രതി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. ഇയാളെ പിടികൂടാൻ ഇവർ പിന്നാലെ ഓടിയെങ്കിലും കഴിഞ്ഞില്ല. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും കേസെടുക്കുകയുമായിരുന്നു.
നല്ല പൊക്കവും ശരീരക്ഷമതയുമുള്ള ആളാണ് ആക്രമിയെന്നും യുവതി മൊഴിയില്‍ പറഞ്ഞിരുന്നു. മൊഴിയും സിസിടിവി ദൃശ്യങ്ങളും അനുസരിച്ചായിരുന്നു അന്വേഷണം. തുടക്കത്തിൽ ജാമ്യം ലഭിക്കുന്ന വകുപ്പായ 354എ1 ആണ് ചുമത്തിയിരുന്നത്. സംഭവം വിവാദമായതിന് പിന്നാലെ ജാമ്യമില്ലാ വകുപ്പ് ചുമത്തുകയായിരുന്നു.
അതേസമയം, യുവതിയെ ആക്രമിച്ചയാളും കുറവൻകോണത്ത് വീട്ടിൽ കയറിയ ആളും ഒരാളുതന്നെയെന്ന് അന്വേഷണ സംഘം രാവിലെ തിരിച്ചറിഞ്ഞിരുന്നു. ഇരുവരും ഒരാൾ തന്നെ എന്ന് സിസിടിവി ദൃശ്യങ്ങൾ കണ്ട പരാതിക്കാരി പറഞ്ഞിരുന്നെങ്കിലും രണ്ടു പേർ എന്നായിരുന്നു പൊലീസ് നിലപാട്.
എന്നാൽ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയാന്വേഷണത്തിന്റെയും ഒടുവിൽ രണ്ടു പേരും ഒരാൾ എന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തുകയായിരുന്നു.