എറണാകുളം: കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ഹൈക്കോടതിയുടെ കർശന നിർദേശം. ഒരാഴ്ചക്കുള്ളിൽ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം. ഓടകളും കനാലും ശുചീകരിക്കണമെന്നും കൊച്ചി കോർപ്പറേഷന് കോടതി നിർദേശം നൽകി. ഹൈക്കോടതി ഇടപെടലിന് പിന്നാലെ കാനയിൽ മലിനജലം ഒഴുക്കിയ അഞ്ച് ഹോട്ടലുകൾ അടച്ചുപൂട്ടാൻ കൊച്ചി കോർപറേഷൻ നിർദേശം നൽകി.
ഓടകളും കനാൽ ശുചീകരണവും ദ്രുതഗതിയിൽ നടപ്പാക്കണം, കനാലുകളിലെ മാലിന്യനിക്ഷേപം കുറക്കാൻ ഇടപെടൽ നടത്തണം, ഇത്തരം നടപടി ഉണ്ടായാൽ കർശന നടപടി സ്വീകരിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 11 ന് റിപ്പോർട്ട് നൽകാനും കൊച്ചി കോർപ്പറേഷന് നിർദേശം നൽകി.
രാത്രിയിൽ പെയ്ത മഴയിൽ കൊച്ചി നഗരത്തിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നു. ഇടിമിന്നലും ശക്തമായ കാറ്റോടു കൂടിയും പെയ്ത മഴദീർഘനേരം ഗതാഗത തടസം സൃഷ്ടിച്ചു. കലൂർ, എം ജി റോഡ്, ബാനർജി റോഡ് തുടങ്ങിയ സ്ഥലങ്ങൾ വെള്ളക്കെട്ടുകളായി. എം ജി റോഡ് മെട്രോ സ്റ്റേഷൻ പരിസരത്തെ കടകളിലും വെള്ളം കയറി.
കഴിഞ്ഞ തവണ വെള്ളം ഇറങ്ങിയതിന് പിന്നാലെ കോർപ്പറേഷൻ നഗരത്തിലെ ഓടകളുടെ സ്ലാബ് തുറന്ന് പരിശോധിച്ചപ്പോൾ പലയിടത്തും ഹോട്ടൽ മാലിന്യം അടക്കം അടിഞ്ഞ് ഓടകളിലേക്ക് ഒരു തുള്ളി വെള്ളം പോലും ഒഴുകി പോകാത്ത സ്ഥിതിയായിരുന്നു. പിന്നാലെ എല്ലാം ശരിയാക്കുമെന്ന് അവകാശപ്പെട്ടെങ്കിലും ഓടകളിലേക്ക് വെള്ളം ഇറങ്ങുന്ന റോഡുകളിലെ ദ്വാരങ്ങൾ പോലും ഇപ്പോഴും വൃത്തിയാക്കിയിട്ടില്ല.